പരോളിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി പിടികൂടി; ചൊവ്വാഴ്ച വൈകിട്ട് നാലരക്ക് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപമുള്ള ഒളിത്താവളത്തിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത മാവേലിക്കര പോലീസ്
പരോളിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതിയെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നേകാൽ കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരവേ കൊവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയ വെട്ടിയാർ കല്ലിമേൽ വരിക്കോലേത്ത് എബനേസർ വീട്ടിൽ റോബിൻ ഡേവിഡ് (30)നെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരക്ക് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപമുള്ള ഒളിത്താവളത്തിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവുമായി മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പരോളിൽ കഴിഞ്ഞു വരവേ 2021 ഒക്ടോബർ 13-ന് അയൽവാസിയെ മർദ്ദിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്ന ഇയാളുടെ പരോൾ റദ്ദ് ചെയ്യാൻ പൊലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
അതേസമയം ഗുണ്ടകൾക്കെതിരെ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ ജോസിന്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് അറസ്റ്റ്. മാവേലിക്കര സിഐ സി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളും സുഹൃത്തുക്കളും ഒളിവിൽ കഴിഞ്ഞുവന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആയുധങ്ങൾ, മണൽ പാസുകൾ, മുദ്രപ്പത്രങ്ങൾ , സീലുകൾ എന്നിവയും കണ്ടെടുക്കുകയുണ്ടായി.
സുഹൃത്തുക്കളായ ഗുണ്ടകളുമൊത്ത് കഞ്ചാവ് ബിസിനസിന്റെയും അനധികൃത മണൽ കടത്തിന്റെയും എജന്റായി ഇയാൾ പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. എസ്ഐ അംശു , ഉദ്യോഗസ്ഥരായ പിഎസ്. ആനന്ദകുമാർ, ദീപു പിള്ള , സിനു വർഗ്ഗീസ്, രാജേഷ് കുമാർ, എസ്. സുധീഷ് , റിയാസ്, ശാലിനി. എസ് പിള്ള, . സിപിഒ മാരായ എസ് ജവഹർ, ബി സജീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























