കോട്ടയം കളത്തിപ്പടി പൊൻപള്ളി പള്ളിയിൽ മോഷണം; അർദ്ധരാത്രിയിൽ പള്ളിയിലെത്തിയ മോഷ്ടാക്കളെ പൊലീസ് പിടികൂടി

കോട്ടയം: അർദ്ധരാത്രിയിൽ പള്ളിയിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയ രണ്ടു യുവാക്കളെ പൊലീസ് സംഘം പിടികൂടി. പള്ളിയ്ക്കുള്ളിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. രണ്ടു പേരെയും ഈസ്റ്റ് പൊലീസിനു കൈമാറി. മാർച്ച് ഒന്നാം തീയതി ചൊവ്വാഴ്ച അർദ്ധരാത്രി 12.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പൊൻപള്ളി പള്ളിയ്ക്കുള്ളിൽ അസ്വാഭാവികമായി ശബ്ദം കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് രണ്ടു യുവാക്കളെ കണ്ടത്.
കളത്തിപ്പടി - പൊൻപള്ളി റോഡിലെ കുരിശുംതൊട്ടിയിലെ ഭണ്ഡാരം, പള്ളിമുറ്റത്തെ ഭണ്ഡാരം, ഓഫിസ് മുറി എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. യുവാക്കൾ ഇവയെല്ലാം കുത്തിപ്പൊളിച്ച ശേഷം 15000 രൂപയോളം കവരുകയായിരുന്നു. ബൈക്കിലെത്തിയ യുവാക്കൾ ആദ്യം റോഡരികിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു. തുടർന്ന്, പള്ളിയ്ക്കുള്ളിലേയ്ക്കു കയറുകയായിരുന്നു.
പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട അയൽവാസി ബേബിയാണ് ആദ്യം വിവരം നാട്ടുകാരെ അറിയിച്ചത്. ഫോണിൽ നാട്ടുകാരെ വിളിച്ച് കൂട്ടിയ ബേബിയും സംഘവും നിമിഷ നേരം കൊണ്ട് പള്ളി വളഞ്ഞു. ഈ സമയം പള്ളിയുടെ ഓഫിസിനുള്ളിൽ കയറി വാതിൽ കുത്തിത്തുറന്ന് പണം എടുക്കുകയായിരുന്നു പ്രതികൾ. നാട്ടുകാരെ കണ്ടതോടെ മോഷ്ടാക്കൾ പള്ളിയ്ക്കുള്ളിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയോടി.
ഈ സമയം കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്ത് എത്തി. ഓട്ടത്തിനിടയിൽ ഇവരുടെ കയ്യിലുണ്ടായിരുന്ന പണം റോഡിൽ ചിതറി വീണു. നാട്ടുകാരും പൊലീസും പിന്നാലെ ഓടി യുവാക്കളെ പിടികൂടി. തുടർന്ന്, ഇവരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിച്ചു. പ്രതികളായ യുവാക്കൾ നിരമറ്റം വരകുമല കോളനി സ്വദേശികളാണെന്നു പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha

























