ആക്രമണത്തിനു മുൻപേ സൈറൺ മുഴങ്ങുന്ന ശബ്ദം ടിവിയിലൂടെ കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു; അപ്പോൾ ഇത് നേരിട്ട് കേൾക്കുന്ന യുക്രൈനിലെ മനുഷ്യർ എത്രമാത്രം ഭീതിയിലായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ! റഷ്യയുടെ ആക്രമണത്തെ യാതൊരു രീതിയിലും ന്യായീകരിക്കാവുന്നതല്ല; അതോടൊപ്പം അധിനിവേശത്തിന്റെ ഇരകളുടെ വംശം നോക്കി മാത്രം വിലപിക്കുന്ന ഇരട്ടത്താപ്പുകാരോട് പുച്ഛം മാത്രം; റഷ്യ-യുക്രൈൻ അധിനിവേശത്തിൽ ചില പാശ്ചാത്ത്യർ പൊഴിക്കുന്ന കണ്ണീർ തീർത്തും വംശീയമാണെന്ന വിമർശനവുമായി ഫാത്തിമ താഹിലിയ

റഷ്യ യുക്രൈൻ അധിനിവേശത്തിൽ ചില പാശ്ചാത്ത്യർ പൊഴിക്കുന്ന കണ്ണീർ തീർത്തും വംശീയമാണെന്ന വിമർശനവുമായി ഫാത്തിമ താഹിലിയ. റഷ്യയുടെ ആക്രമണത്തെ യാതൊരു രീതിയിലും ന്യായീകരിക്കാവുന്നതല്ല. അതോടൊപ്പം അധിനിവേശത്തിന്റെ ഇരകളുടെ വംശം നോക്കി മാത്രം വിലപിക്കുന്ന ഇരട്ടത്താപ്പുകാരോട് പുച്ഛം മാത്രമെന്നും ഫാത്തിമ പറയുന്നു.
ഫാത്തിമ താഹിലിയ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ചില പാശ്ചാത്ത്യർ പൊഴിക്കുന്ന കണ്ണീർ തീർത്തും വംശീയമാണ്. റഷ്യ നിരാലംബരായ ഒരുപറ്റം മനുഷ്യരെ ആക്രമിക്കുന്നതല്ല അവരുടെ പ്രശ്നം. റഷ്യ യൂറോപ്പിലെ മനുഷ്യരെ ആക്രമിക്കുന്നു എന്നതാണ് അവരെ വേദനിപ്പിക്കുന്നത്. അഫ്ഗാനിലോ ഇറാഖിലോ സിറിയയിലോ ഉള്ളവരെയല്ല റഷ്യ ആക്രമിക്കുന്നത്.
നീലക്കണ്ണുകളുള്ള, സുവർണ്ണ മുടിയുള്ള യൂറോപ്പ്യരെ ആക്രമിക്കുന്നു എന്ന് പറഞ്ഞു വിലപിക്കുന്ന ദൃശ്യങ്ങൾ കണ്ടു. അതായത് റഷ്യ ആക്രമിച്ചിരുന്നത് ഏതെങ്കിലും ഏഷ്യൻ രാജ്യത്തെ ആയിരുന്നെങ്കിൽ അവർ ഇത്രമാത്രം പ്രതിഷേധിക്കില്ലായിരുന്നു എന്ന് ചുരുക്കം. റഷ്യയുടെ ആക്രമണത്തെ യാതൊരു രീതിയിലും ന്യായീകരിക്കാവുന്നതല്ല. അതോടൊപ്പം അധിനിവേശത്തിന്റെ ഇരകളുടെ വംശം നോക്കി മാത്രം വിലപിക്കുന്ന ഇരട്ടത്താപ്പുകാരോട് പുച്ഛം മാത്രം.
ആക്രമണത്തിനു മുൻപേ സൈറൺ മുഴങ്ങുന്ന ശബ്ദം ടിവിയിലൂടെ കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു. അപ്പോൾ ഇത് നേരിട്ട് കേൾക്കുന്ന യുക്രൈനിലെ മനുഷ്യർ എത്രമാത്രം ഭീതിയിലായിരിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ! റഷ്യയുടെ യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് കേൾക്കുന്ന വാർത്തകൾ സമാധാനം ആഗ്രഹിക്കുന്ന ഓരോ വ്യക്തിയേയും ഞെട്ടിക്കുന്നതാണ്.
ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് അഭയാർത്ഥികളായി മാറിയത്. അനേകമായിരങ്ങൾക്ക് ശാന്തി നഷ്ടപ്പെട്ട ഈ അധിനിവേശം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് കാര്യക്ഷമമായ നടപടികൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നതും നിർഭാഗ്യകരമാണ്. ദുഃഖകരമെന്ന് പറയട്ടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ എടുത്തിട്ടുള്ള നിലപാടുകളും സമാധാനം ആഗ്രഹിക്കുന്ന ആരെയും വേദനിപ്പിക്കുന്നതാണ്.
റഷ്യക്ക് എതിരായ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് വഴി യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നത് അവതാളത്തിലായി എന്നാണ് അറിയുന്നത്. എം.എസ്.എഫ് ദേശീയ സമ്മേളനം ഇതു സംബന്ധമായ പ്രമേയം പാസാക്കുകയും, യുദ്ധത്തിനെതിരെ ശക്തമായ നിപാട് സ്വീകരിക്കണമെന്നും, ഇന്ത്യക്കാരെ മുഴുവൻ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്നും തലസ്ഥാനത്തെ വേദിയിൽ വെച്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥി സമൂഹത്തിന്റെ ഒന്നടങ്കം പ്രഖ്യാപനമായി സർക്കാർ അതേറ്റെടുക്കട്ടെ!
https://www.facebook.com/Malayalivartha

























