17,000 ഇന്ത്യക്കാരെ യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.....സര്‍ക്കാരിന്റെ രക്ഷാദൗത്യത്തെ പ്രശംസിച്ച് കോടതി....

17,000 ഇന്ത്യക്കാരെ യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ രക്ഷാദൗത്യത്തെ പ്രശംസിച്ച സുപ്രീംകോടതി, യുക്രൈനില്‍ കുടുങ്ങിയവരുടെ കുടുംബാംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഹെല്‍പ്പ്ലൈന്‍ തുടങ്ങുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെട്ടു.
യുക്രൈനില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയിലുള്ളതിനാല്‍ ഹൈക്കോടതികള്‍ പരിഗണിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനും നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വിശദീകരിച്ചു.
ഇക്കാര്യത്തില്‍ തങ്ങള്‍ ഒന്നും പറയാനുദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ നടപടികളെ പ്രശംസിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ജനങ്ങളുടെ ആശങ്കയാണ് തങ്ങളുടെ വിഷയമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. യുക്രൈനില്‍ നടക്കുന്ന യുദ്ധം ദൗര്‍ഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചരിത്രത്തില്‍നിന്ന് നമ്മള്‍ പഠിക്കാന്‍ തയ്യാറാകുന്നില്ലെന്നത് കഷ്ടമാണ്. അവിടെ കുടുങ്ങിയ വിദ്യാര്‍ഥികളെക്കുറിച്ചാണ് നമുക്ക് ആശങ്കയുള്ളതെന്നും വ്യക്തമാക്കി ബെഞ്ച് .
"
https://www.facebook.com/Malayalivartha























