മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു
മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു. റായ്പുരിലെ ഹയാത് ഹോട്ടലിൽനിന്ന് 63,755 രൂപയുടെ ബില്ലടയ്ക്കാതെ ഇയാൾ മുങ്ങിയിരുന്നു. ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പും ഇയാൾ മോഷ്ടിച്ചു. ഹോട്ടലധികൃതർ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ടൂറിസ്റ്റ് ഗൈഡ്, അധ്യാപകൻ, യോഗ പരിശീലകൻ എന്നൊക്കെ പരിചയപ്പെടുത്തിയാണ് പ്രതി ആഡംബര ഹോട്ടലുകളിൽ എത്തിയിരുന്നത്. ഹോട്ടൽ ജീവനക്കാരെ ആകർഷിക്കുന്ന തരത്തിൽ വളരെ മാന്യമായ രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഇടപെടൽ. പെരുമാറ്റത്തിൽ വിശ്വസിച്ച് പലപ്പോഴും ഹോട്ടൽ അധികൃതർ ഇദ്ദേഹത്തോട് മുൻകൂർ പണം ആവശ്യപ്പെടാറില്ലായിരുന്നു. ഏതാനും ദിവസങ്ങൾ ഹോട്ടലിൽ താമസിച്ച് എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയ ശേഷം ബില്ലടയ്ക്കാതെ അപ്രത്യക്ഷമാകുന്നതായിരുന്നു പ്രതിയുടെ രീതി. ബില്ലടയ്ക്കാതെ പോകുന്നതിനോടൊപ്പം ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള സാധനങ്ങളും ഇദ്ദേഹം മോഷ്ടിക്കാറുണ്ടായിരുന്നു. ഹോട്ടലുകളിൽ മുറിയെടുക്കാൻ അദ്ദേഹം പ്രധാനമായും ഉപയോഗിച്ചിരുന്നത് വ്യാജ തിരിച്ചറിയൽ രേഖകളാണ്. ഇത്തരത്തിൽ മുന്നൂറോളം ഹോട്ടലുകാരെയാണ് ഇന്ത്യയിലുടനീളം പ്രതി പറ്റിച്ചത്.
കുപ്രസിദ്ധ കുറ്റവാളിയായ ചാൾസ് ശോഭരാജിന്റെ തട്ടിപ്പ് രീതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഈ കബളിപ്പിക്കലുകൾ നടത്തിയതെന്ന് ഇദ്ദേഹം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തീഹാർ ജയിലിൽ കഴിഞ്ഞിരുന്ന കാലത്താണ് ചാൾസ് ശോഭരാജിന്റെ രീതികളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത്. 1980-കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്തിരുന്ന സമയത്ത് വിദേശ സഞ്ചാരികൾക്കൊപ്പം ആഡംബര ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ വെച്ചുണ്ടായ അപമാനം കാരണമാണ് താൻ ഇത്തരം ഹോട്ടലുകളെ ലക്ഷ്യംവെക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.
ആന്റി ക്രൈം ആൻഡ് സൈബർ യൂണിറ്റും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലെ ഭുവനേശ്വറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഹോട്ടലിൽനിന്ന് മോഷ്ടിച്ച ലാപ്‌ടോപ് ഇയാളുടെ പക്കൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
2022-ലും സമാനമായ രീതിയിൽ തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിനെ കബളിപ്പിച്ചതിന് കേരള പോലീസ് ഇയാളെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് പിടികൂടിയിരുന്നു. അന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽനിന്ന് ബില്ലടയ്ക്കാതെ കടന്നുകളയുകയും ലാപ്‌ടോപ്പ് മോഷ്ടിക്കുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 15 വർഷത്തോളം ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























