ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് അയല്‍ക്കാരായ സഹോദരങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറുനാടന്‍ തൊഴിലാളി മരണത്തിന് കീഴടങ്ങി

ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് അയല്‍ക്കാരായ സഹോദരങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറുനാടന്‍ തൊഴിലാളി മരണത്തിന് കീഴടങ്ങി.
ബംഗാള്‍ സ്വദേശിയായ സഹജ്മാല്‍ ഷേക്ക്(34) ആണ് തലയ്ക്കടിയേറ്റു ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇയാളെ ആക്രമിച്ചതിന് കണ്ടല നെല്ലിക്കാട് കുളപ്പള്ളി വീട്ടില്‍ ഉദയകുമാര്‍(48), സഹോദരി ബിന്ദുലേഖ(42) എന്നിവരെ മാറനല്ലൂര്‍ പോലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
മൂന്നു വര്‍ഷമായി സഹജ്മാല്‍ ഷേക്കും കുടുംബവും ഉദയകുമാറിന്റെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. ഉദയകുമാര്‍ തന്റെ ഭാര്യയോട് മോശമായി പെരുമാറിയതിനെ ചൊവ്വാഴ്ച രാവിലെ സഹജ്മാല്‍ ചോദ്യംചെയ്തു.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും അതു കണ്ട ബിന്ദുലേഖ റബ്ബര്‍ത്തടിയെടുത്ത് സഹജ്മാലിന്റെ തലയ്ക്കടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സഹജ്മാല്‍, ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. മൃതദേഹം വള്ളക്കടവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
"
https://www.facebook.com/Malayalivartha























