കെ റെയിൽ കല്ലിടാൻ വന്ന പോലീസുകാരനെ വിറപ്പിച്ച് എംപി, കല്ലുകൾ പിഴുതെറിഞ്ഞ് നാട്ടുകാരും

ജനങ്ങളുടെ ഹിതമനുസരിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ സർക്കാരിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന കെ റെയിലിന് സമീപകാല ഭാവി ഉണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്. കാരണം സർവ്വേ കല്ലുകൾ ജനങ്ങൾ തന്നെ പിഴുതെറിയുന്ന കാഴ്ചയാണ് കേരളത്തിന്റെ പല കോണിൽ നിന്നും കാണുവാൻ സാധിക്കുന്നത്.
ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ നിരവധി പൊട്ടിത്തെറികളാണ് പല ഭാഗങ്ങളിലും സംഭവിക്കുന്നത്. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ് എന്ന് നൂറ് വട്ടം പറയുമ്പോഴും അതൊന്നും പ്രാവർത്തികമാകുന്നില്ല എന്ന ആക്ഷേപവും വളരെ ശക്തമാണ്.
കെ–റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും. പദ്ധതിക്കെതിരെ വൻജനരോഷം ഉയരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിൻമാറുന്ന ലക്ഷണമില്ലെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. കേരളത്തിൻ്റെ വഴി മുടക്കരുതെന്ന് സിപിഎം ആവശ്യപ്പെടുമ്പോൾ നിരവധി പാവപ്പെട്ടവർ വഴിയാധാരമാകും എന്ന കാര്യം പലരും മറക്കുന്നു. അതിനിടയിലും കെ റെയിൽ സർവേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പലയിടത്തും സർവേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മിൽ തർക്കം ഉണ്ടാവുന്നത് പതിവ് സംഭവമാണ്.
വൻ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മിക്ക ഇടങ്ങളിലും അധികാരികൾ സർവേ നടത്തിയത്. ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കുഴിയിലും നാട്ടുകാർ കല്ലിടുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി. എന്നാൽ രണ്ടിടത്തും കനത്ത പൊലീസ് സുരക്ഷയിൽ സർവ്വേ നടപടികൾ പൂർത്തിയാക്കി കല്ലിട്ടു. പ്രതിഷേധത്തിനിടെ ചെങ്ങന്നൂരിൽ നാട്ടുകാരിൽ ചിലർ ആത്മഹത്യ ഭീഷണിയുമായി രംഗത്ത് എത്തി.
എന്നാൽ ഇന്ന് ചെങ്ങന്നൂരിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്ഥലം എം പി തന്നെ നേരിട്ടെത്തി വൻപ്രതിഷേധമാണ് സംഘടിപ്പിച്ചത്. ജനക്കൂട്ടത്തെ നേരിടാൻ ലാത്തിയുമായി പൊലീസ് അണിനിരന്ന സമയത്താണ് എം പി നാട്ടുകാരുടെ ഭാഗം ന്യായീകരിച്ച് മുന്നിൽ നിന്നത്. ചെങ്ങന്നൂർ മേഖലയിൽ മാത്രം അഞ്ഞൂറോളം വീടുകളാണ് സിൽവർ ലൈൻ പദ്ധതിക്കായി ഒഴിപ്പിക്കേണ്ടി വരിക. ജനവാസ മേഖലയെ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ഇവിടെ സമരം ശക്തമാണ്.
‘തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ് ഒരു സബ് ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടുത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം.’ നാട്ടുകാർക്കൊപ്പം നിന്ന് എംപി പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് ഉദ്യോഗസ്ഥനും പറഞ്ഞതോടെ എംപി രോഷാകുലനായി.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനുമായി എം പി കാര്യങ്ങൾ സംസാരിച്ചു. സ്ഥലത്ത് ലോ ആൻഡ് ഓർഡർ മോശമാണെന്ന് മേൽ ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം മടങ്ങണമെന്ന് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ ആരായാലും താനിവിടെ തന്നെ നിൽക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞതോടെ എം പി പൊട്ടിത്തെറിച്ചു. തന്നെക്കാളും വലിയ ആളാടോ ഞാൻ എന്ന് പലയാവർത്തി എം പി ഉച്ചത്തിൽ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വീഡിയോയിൽ കാണാം. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാണ്.
പ്രതിഷേധിച്ച നാട്ടുകാരെയും സമരസമിതി നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഏഴിടത്തു കല്ലിട്ടത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ വൈകിട്ടു 4 മണിയോടെ കല്ലിടൽ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
മുളക്കുഴ ഗ്രാമ പഞ്ചായത്തംഗം തോമസ് ഏബ്രഹാം, കെ-റെയിൽ വിരുദ്ധ സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, കോൺഗ്രസ് മുളക്കുഴ മണ്ഡലം പ്രസിഡന്റ് കെ.കെ.സജികുമാർ എന്നിവർ ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തു നീക്കി. ഇവരെ വൈകിട്ടാണു സ്റ്റേഷനിൽ നിന്നു വിട്ടയച്ചത്. പൊലീസ് സ്റ്റേഷനിൽ നിന്നു വിട്ടയച്ച ശേഷം സമരസമിതി നേതാക്കൾ വൈകിട്ട് ചെങ്ങന്നൂർ നഗരത്തിൽ പ്രകടനം നടത്തി.
ആലുവ ചൊവ്വരയിലും കടുത്ത പ്രതിഷേധമാണ് കെ റെയിൽ സർവ്വേയ്ക്ക് നേരെ നാട്ടുകാരിൽ നിന്നുണ്ടായത്. പാടശേഖരത്തെ കല്ലിടൽ പൂർത്തിയായി റവന്യൂ ഉദ്യോഗസ്ഥർ ജനവാസമേഖലയിലേക്ക് കല്ലിടാൻ എത്തിയതോടെ ആണ് ഇവിടെയും പ്രതിഷേധം അണപൊട്ടിയത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയതെന്ന് ഒഴിപ്പിക്കപ്പെടുന്ന വീട്ടുകാർ പരാതിപ്പെടുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി പ്രളയബാധ നേരിടുന്ന പ്രദേശമാണിതെന്നും തുടർച്ചയായ പ്രളയങ്ങൾ മൂലം തകർന്ന തങ്ങളോട് വീടൊഴിയാൻ പറഞ്ഞാൽ എന്ത് ചെയ്യുമെന്നുമാണ് നാട്ടുകാരുടെ ചോദ്യം. പെരിയാർ തീരത്തോട് ചേർന്ന് താമസിക്കുന്നവർ നിരവധി വികസന പദ്ധതികൾക്കായി വീട് വിട്ടു നൽകിയവരാണെന്നും ഇനിയും ഈ അനീതി നേരിടാനാവില്ലെന്നുമാണ് നാട്ടുകാരിൽ ചിലർ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























