വെള്ളറട പ്രവീണ്‍ കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി... ശിക്ഷ ഇന്ന്

വെള്ളറട ആറാട്ടുകുഴി ചടയമംഗലം പുത്തന്‍ വീട്ടില്‍ സനല്‍കുമാര്‍ മകന്‍ പ്രവീണ്‍ കുമാറിനെ(27) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
വെള്ളറട അരിവാട്ട്‌കോണം വിനീത് ഭവനില്‍ രഘു പണിക്കര്‍ മകന്‍ മില്‍മ വിജയന്‍ എന്നുവിളിക്കുന്ന വിജയന്‍(45), ആനപ്പാറ ഓടല്‍വിള എസ്.വി. ഭവനില്‍ സത്യന്‍ മകന്‍ ലൗവ്വിന്‍(38) എന്നിവരെയാണ് ജഡ്ജി കെ.എന്‍. അജിത് കുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഒന്നാം പ്രതി വിജയന്റെ ഉടമസ്ഥതയിലുള്ള മണല്‍ലോറി കൊല്ലപ്പെട്ട പ്രവീണ്‍കുമാറും, മാതൃസഹോദരന്‍ ബിനുകുമാറും ചേര്‍ന്ന് പോലീസിനെക്കൊണ്ട് പിടിപ്പിച്ച വിരോധത്തിലാണ് പ്രവീണ്‍ കുമാറിനെ ആറാട്ടുകുഴി ജംഗ്ഷനില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. 9-1-2012 രാത്രിയിലായിരുന്നു കൃത്യത്തിന് ആസ്പദമായ സംഭവം.
രാത്രി 9 മണിയോടുകൂടി വെള്ളറട ആറാട്ടുകുഴി ജംഗ്ഷനില്‍ പ്രവീണ്‍കുമാറും, സുഹൃത്തായ വെട്ടുകത്തി മോഹനന്‍ എന്ന് വിളിക്കുന്ന മോഹനനുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന സമയത്ത് ഒരു മോട്ടോര്‍ ബൈക്കില്‍ കൃത്യ സ്ഥലത്തെത്തിയ പ്രതികള്‍ പ്രവീണിനെ ശാരീരികമായി ഉപദ്രവിച്ചു.
ഇത് തടസ്സപ്പെടുത്താന്‍ ചെന്ന പ്രവീണ്‍ കുമാറിന്റെ അമ്മാവനായ ബിനുകുമാറിന്റെ ഇടതു തുടയില്‍ പ്രതി വിജയന്‍ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും രണ്ടാംപ്രതി ലൗവിന്‍ പ്രവീണ പൂണ്ടടക്കം പിടിച്ചു വെച്ച് കൊടുക്കുകയും ഒന്നാംപ്രതി വിജയന്‍ പ്രവീണിന്റെ ഇടതു വശം നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ച് അതിനുശേഷം ബൈക്കില്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
പ്രവീണ്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അര്‍ദ്ധരാത്രിയോടെ മരണപ്പെടുകയായിരുന്നു.
കൃത്യം നടന്ന് രണ്ടു ദിവസത്തിനുശേഷം കാരക്കോണം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും പ്രതികളെയും സഞ്ചരിച്ച മോട്ടോര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പ്രവീണ്‍കുമാറിന്റെ അമ്മാവനും കൃത്യത്തില്‍ വച്ച് പരിക്കേറ്റ കേസിലെ ഒന്നാം സാക്ഷിയുമായ ബിനുകുമാര്‍ ഉള്‍പ്പെടെ നാലു പ്രധാന പ്രോസിക്യൂഷന്‍ സാക്ഷികള്‍ വിചാരണ സമയത്ത് കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു.
43 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 8 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ സഞ്ചരിച്ച തൊണ്ടിമുതലായ മോട്ടോര്‍ബൈക്ക് വിചാരണ സമയത്ത് കോടതിയില്‍ ഹാജരാക്കാത്തതിന് കോടതി ജാമ്യത്തില്‍ കൊണ്ടുപോയ ജാമ്യകാര്‍ക്ക് 10000 രൂപ കോടതി പിഴയിട്ടു.
രണ്ടാം പ്രതി ലൗവ്വിന്റെ മാതാവ് വസുമതിയെ പ്രതിഭാഗം സാക്ഷിയായ കോടതിയില്‍ വിസ്തരിച്ചിരുന്നു. 10 രേഖകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha























