പി ജെയെയും ഷംസീറിനേയും വെട്ടിനിരത്തി പിണറായി ഭയങ്കര പേടി! ഇനി തമ്മിലടിതുറന്ന പോര്; തമ്മിലടി

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം. ഇന്നു സമാപിക്കുന്ന സംസ്ഥാന സമ്മേളനം 88 അംഗം സംസ്ഥാന സമിതിയേയും 17 അംഗ സെക്രട്ടേറിയേറ്റിനേയും തീരുമാനിച്ചു. 75 വയസ് പ്രായപരിധിയിൽ പിണറായി വിജയനു മാത്രമാണ് പാർട്ടി സമ്മേളനം ഇളവ് നൽകിയത്. കേന്ദ്രകമ്മിറ്റി മുന്നോട്ടുവച്ച 75 വയസെന്ന പ്രായപരിധി കർശനമായി പാലിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവരെ കമ്മിറ്റികളിൽ നിന്നൊഴിവാക്കുകയും യുവതലമുറയെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റിൽ പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും മന്ത്രി മുഹമ്മദ് റിയാസും എം. സ്വരാജും ഇടം പിടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ- പിണറായി വിജയൻ ,കോടിയേരി ബാലകൃഷ്ണൻ ,ഇ പി ജയരാജൻ ,ടി എം തോമസ് ഐസക് ,പി കെ ശ്രീമതി ,എ കെ ബാലൻ , ടി പി രാമകൃഷ്ണൻ , കെ എൻ ബാലഗോപാൽ, പി രാജീവ് ,കെ കെ ജയചന്ദ്രൻ ,ആനാവൂർ നാഗപ്പൻ , വി എൻ വാസവൻ , സജി ചെറിയാൻ ,എം സ്വരാജ്, മുഹമ്മദ് റിയാസ് , പി കെ ബിജു , പുത്തലത്ത് ദിനേശൻ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഗ്രൂപ്പിന്റെ പ്രശ്നമേ ഇല്ലാത്ത സമ്മേളനം എന്ന് നേതൃത്വം ഇടയ്ക്കിടെ അടിവരയിട്ട് പറയുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇത്തവണയും ചില വെട്ടിനിരത്തലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പാർട്ടിയോട് അടുപ്പമുള്ള കേന്ദ്രങ്ങൾ നൽകുന്ന സൂചന. പി ജയരാജൻ, എ എൻ ഷംസീർ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ സീനിയോറിറ്റി ഉണ്ടായിട്ടും ഇത്തവണയും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതെ തഴഞ്ഞതോടെ പി.ജയരാജൻ്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാവുകയാണ്. സംസ്ഥാന നേതൃത്വത്തിൽ നിന്ന് അകന്നതും അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവുമാണ് ജയരാജന് തിരിച്ചടിയായത്. വ്യക്തിപൂജയുടെ പേരിൽ നടപടി എടുത്തപ്പോഴും തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറ്റിനിർത്തിയപ്പോഴും പാർട്ടിക്ക് വിധേയനായി നിന്ന പി.ജെയുടെ ഇനിയുള്ള നീക്കം രാഷ്ട്രീയകേരളം ഉറ്റു നോക്കുകയാണ്.
ഏറെ നാളായി സി പി എം സംസ്ഥാന നേതൃത്വത്തിന് പി ജയരാജൻ ഇപ്പോഴും കണ്ണിലെ കരടുതന്നെ. വ്യക്തി പൂജാ വിവാദത്തോടയാണ് ഇതിന് തുടക്കം കുറിച്ചത്. പി ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും, ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളുമാണ് വിവാദമായത്. കണ്ണൂർ തളാപ്പിൽ സംഘപരിവാർ സംഘടകളിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ അമ്പാടി മുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവർ പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വച്ചിരുന്നു.
പിന്നീട് ജില്ലയിൽ ജയരാജനെ വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും ബോർഡുകളും ഉയർന്നു. പി ജെ ആർമി എന്ന പേരിലുള്ള സാമൂഹ്യ മാദ്ധ്യമ പേജ് ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റുകളുമായി സജീവമായിരുന്നു. പിന്നീടത് റെഡ് ആർമിയായി. പാർട്ടി വേദികളിൽ ജയരാജന് കിട്ടുന്ന കയ്യടിയും നേതൃത്വത്തെ ഏറെ അസൂയപ്പെടുത്തിയിരുന്നു.
ഇതോടെ, വ്യക്ത്യാരാധനയെ വിമർശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന അടിസ്ഥാന തത്വം പാലിക്കാൻ നിർദേശിച്ച് സിപിഎം നേതൃത്വം ജയരാജന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി. ഇതിനിടെ പാർട്ടിക്ക് അതീതനായി വളരുന്നു എന്ന ആരോപണം പാർട്ടി സംസ്ഥാന സമിതിയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചു. ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെയും ചുമതലപ്പെടുത്തി.
കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ബാേർഡുകളിലും സോഷ്യൽ മീഡിയാ പോസ്റ്റുകളിലും പി ജയരാജന് പങ്കില്ലെന്ന് കണ്ടെത്തി. എന്നാൽ വ്യക്തിപ്രഭാവം ഉയർത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതിന് ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് ആക്ഷേപമുയർന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ നേതൃത്വം ശാസിക്കുകയും ചെയ്തു.
അടുത്തിടെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ പരിധി വിട്ട പെരുമാറ്റത്തിന്റെ പേരിലും പി ജയരാജന് സംസ്ഥാന സമിതിയുടെ താക്കീത് ലഭിച്ചിരുന്നു. രാമനാട്ടുകര സ്വർണക്കടത്ത് കേസ് പ്രതികളിൽ ചിലരുടെ പാർട്ടി ബന്ധം സംബന്ധിച്ച ചർച്ചയാണ് അനിഷ്ട സംഭവങ്ങളിലേക്കു കടന്നത്.
വടകരയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയേണ്ടിവന്ന പി ജയരാജൻ ഇപ്പോൾ വെറും സംസ്ഥാന സമിതി അംഗം മാത്രമാണ്. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുയായിരുന്നു. തീരെ പ്രതീക്ഷിക്കാത്തവർ വരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഇടം പിടിച്ചപ്പോഴാണ് ജയരാജൻ ഒഴിവാക്കപ്പെട്ടത്. ഇക്കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം നൽകാൻ പാർട്ടി തയ്യാറായില്ല.
പാർട്ടിയിലെ സീനിയോരിറ്റിയും പ്രവർത്തന രംഗത്തെ മികവും കൊണ്ട് ഇത്തവണ സെക്രട്ടറിയേറ്റിൽ പി.ജെ ഉണ്ടാകുമെന്ന് വലിയൊരു വിഭാഗം പാർട്ടിക്കാരും പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയായുള്ള ഈ തഴയലിൽ അണികൾ നിരാശരാകുമെങ്കിലും പി.ജെയ്ക്ക് വേണ്ടി സംസാരിക്കാൻ കണ്ണൂരിൽ പോലും ഇന്ന് നേതാക്കളില്ല. വ്യക്തിപൂജയിൽ പി.ജയരാജനെതിരെ വടിയെടുത്ത പാർട്ടി പിണറായിയെ പ്രകീർത്തിച്ചുള്ള പ്രസംഗങ്ങളോടും തിരുവാതിരയോടും കാണിക്കുന്ന മൃദു സമീപനവും മാറ്റത്തിന്റെ അടയാളമാണ്.
https://www.facebook.com/Malayalivartha























