പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ സീനിയോറിറ്റി ഉണ്ടായിട്ടും ഇത്തവണയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞതോടെ പി.ജയരാജന്റെ ഭാവി അനിശ്ചിതത്വത്തില്‍.... ജയരാജന്റെ ഭാവിയെന്ത്?

പി.ജയരാജനെ വെട്ടിയത് കോടിയേരി ബാലകൃഷ്ണന്‍. പതിവിന് വിപരീതമായി പിണറായി ജയരാജന്റെ കാര്യത്തില്‍ അനുകൂലവും പ്രതികൂലവുമായി നിലപാട് എടുത്തില്ല.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ സീനിയോറിറ്റി ഉണ്ടായിട്ടും ഇത്തവണയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞതോടെ പി.ജയരാജന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാല്‍ ഒരു അനിശ്ചിതത്വത്തിനും ഇട നല്‍കാതെ പി.ജെ പിണറായിയുമായി അടുക്കും. കോടിയേരിക്ക് ശേഷമെങ്കിലും താന്‍ പരിഗണിക്കപെടുമെന്ന് പി ജെ ക്കറിയാം.
പി.ജെ. ഇക്കുറി സെക്രട്ടറിയറ്റിലെത്തുമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അകന്നതും അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവുമാണ് ജയരാജന് തിരിച്ചടിയായത്. വ്യക്തിപൂജയുടെ പേരില്‍ നടപടി എടുത്തപ്പോഴും തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറ്റിനിര്‍ത്തിയപ്പോഴും പി.ജെ. ഒന്നും മിണ്ടിയില്ല. തന്നെ വെട്ടിനിരത്തുകയാണെന്ന ബോധ്യം പി.ജെ ക്കുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പാര്‍ട്ടിയുമായി തര്‍ക്കിക്കാന്‍ അദ്ദേഹം ഒരുക്കമല്ല.
പാര്‍ട്ടിയെ എതിര്‍ത്താല്‍ താന്‍ പുറത്താകുമെന്ന് പി.ജെക്കറിയാം.പാര്‍ട്ടിയുടെ എതിര്‍പ്പ് ഏറ്റു പിടിക്കാന്‍ പി.ജെ തയാറല്ല.തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കാത്തിരിക്കുന്നവരുടെ കൈയിലെ ആയുധമാകാന്‍ ഏതായാലും പി ജെ തയ്യാറല്ല.തന്റെ മരണം ചുവപ്പു പുതച്ചു കൊണ്ടാകണം എന്ന് ആഗ്രഹിക്കുന്ന സഖാവാണ് പി.ജെ. അതുകൊണ്ടാണ് സെക്രട്ടറിയറ്റില്‍ നിന്നും ഒഴിവാക്കപെട്ടപ്പോള്‍ ഉണ്ടായ കുത്തി തിരുപ്പുകള്‍ പി.ജെ.കണ്ടില്ലെന്ന് നടിച്ചത്:
23 കൊല്ലം മുന്‍പ് ഒരു തിരുവോണ നാളിലാണ് ആര്‍എസ്എസുകാര്‍ പി.ജെയെ വെട്ടി നുറുക്കിയത്. അന്ന് ജയരാജന്‍ മടങ്ങി വരുമെന്ന് ആരും കരുതിയില്ല. 1998-ല്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി.. മൂന്ന് തവണ എംഎല്‍എയായി. 2010 മുതല്‍ ഒന്‍പത് കൊല്ലം കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ച ജയരാജന്‍ അക്രമ രാഷ്ട്രീയത്തിന്റ പേരിലാണ് പഴി കേട്ടത്. എന്നാല്‍ പഴിയില്‍ പകുതിയും പതിരായിരുന്നു.
2012 ല്‍ തന്റെ വാഹനത്തിന് കല്ലെറിഞ്ഞതിന് അരിയില്‍ ഷുക്കൂറെന്ന ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്ന കേസിലും തന്നെ വധിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ പ്രതികാരക്കൊല ചെയ്‌തെന്ന കേസില്‍ സിബിഐ ജയരാജനെ അറസ്റ്റ് ചെയ്തപ്പോള്‍ പി.ജയരാജന്‍ അനിഷേധ്യനായി.
പാര്‍ട്ടിയില്‍ വിഎസ് അനുകൂലികളെ വെട്ടിനിരത്താന്‍ പിണറായിയുടെ പിന്നില്‍ കണ്ണൂര്‍ ലോബി പി.ജെയെ നിര്‍ത്തി. കോടിയേരി വി എസിനെയും പിണറായിയെയും പിണക്കാതെ കൊണ്ടു പോകുന്ന കാലമായിരുന്നു അത്.
ബിംബം ചുമക്കുന്ന കഴുതയെന്ന് വരെ വിഎസിനെ ഒരു കാലത്ത് പി.ജയരാജന്‍ ആക്ഷേപിച്ചു. 2016-ല്‍ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ ജയരാജന്‍ പിണറായിയില്‍ നിന്നും അകന്നു. പിജെയെ മത്സരിപ്പിക്കാത്തതിലും മന്ത്രിയാക്കാത്തതിലും അനുകൂലികള്‍ ഒച്ചപ്പാടുണ്ടാക്കി. ഇതിന് പിന്നിലും കോടിയേരിയായിരുന്നു.
പി.ജെ സ്വത്ത് വാരിക്കൂട്ടിയില്ല . അടിയുറച്ച കമ്യൂണിസ്റ്റായി ജീവിച്ചു. അണികള്‍ക്ക് നാള്‍ക്കുനാള്‍ ജയരാജനോട് പ്രിയം ഏറിവന്നു. കോടിയേരി, എം വി ഗോവിന്ദന്‍, ഇ.പി ജയരാജന്‍, എന്നിവരൊക്കെ പിജെ പ്രഭാവത്തില്‍ പാര്‍ട്ടി വേദികളില്‍ നിറം മങ്ങി. മതേതര ശ്രീകൃഷ്ണ ജയന്തി നടത്തിയും ഒകെ വാസു ഉള്‍പെടെ ഒരുപറ്റം ബിജെപിക്കാരെ അടര്‍ത്തി സിപിഎമ്മില്‍ ചേര്‍ത്തും പി ജെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ കണ്ണൂരില്‍ തുടര്‍ന്നു.
പി ജയരാജനെ പ്രകീര്‍ത്തിച്ച് നൃത്ത ശില്‍പവും സംഗീത ആല്‍ബവും ഇറങ്ങി. എന്നാല്‍ അതോടെ ജയരാജനെ സംശയത്തോടെ വീക്ഷിച്ച പാര്‍ട്ടി നേതൃത്വം തിരിച്ചടിച്ചു.പാര്‍ട്ടിക്ക് മുകളില്‍ വളര്‍ന്ന പൊന്നുകായ്ക്കും മരത്തെ 2018ലെ തൃശ്ശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ വെട്ടി നിരത്തി. വ്യക്തപൂജയില്‍ പരസ്യ ശാസനയും കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ടിംഗും.
2019 ല്‍ ജയസാധ്യത കുറഞ്ഞ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിച്ച് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും വെട്ടി. സൈബറിടത്ത് ജയരാജന്റെ നാവായ പിജെ ആര്‍മിയെ പാര്‍ട്ടി റെഡ് ആര്‍മിയാക്കി വരുതിയിലാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്യാലറിയില്‍ ഇരുത്തിച്ചു. പിണറായി ചരിത്രം കുറിച്ച് രണ്ടാമതും അധികാരത്തിലെത്തി. ജയരാജന് കിട്ടിയത് ഖാദി ബോര്‍ഡിലെ വൈസ് ചെയര്‍മാന്‍ കസേര.ഇത് ജയരാജനെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.
പക്ഷേ ജയരാജന്‍ പോകില്ല. ജീവിച്ചിരുന്നാല്‍ തനിക്ക് ഈ പാര്‍ട്ടിയില്‍ ഒരു സ്ഥാനം എന്നുമുണ്ടാകുമെന്ന് പി.ജെ ക്ക് അറിയാം. അതിന് കോടിയേരിയുടെ സ്വഭാവ സര്‍ട്ടിഫിക്കേറ്റ് അദ്ദേഹത്തിന് ആവശ്യമില്ല.
"
https://www.facebook.com/Malayalivartha























