'അവളുടെ മയ്യത്തിനെ ഭക്ഷിക്കരുത്... അനക്കമില്ലാത്ത തണുത്തുറഞ്ഞ ശരീരം നോക്കി വിങ്ങിപ്പൊട്ടിക്കരയുന്ന കുഞ്ഞിനെയോ , വേണ്ടപ്പെട്ടവരേയോ ഓർക്കാതെ ക്രൂരമായ തമാശകൾ എഴുതി രസിക്കുന്നത് എന്തിനാണ്... ചിരിക്കുന്ന ഓരോ മുഖങ്ങൾക്കും പിന്നിൽ ഹൃദയം നുറുങ്ങുന്ന ഒരായിരം സങ്കടങ്ങൾ പേറുന്നവരുണ്ടാവാം.. അവർ കടന്ന് പോയതോ അനുഭവിച്ചതോ ആയ മാനസികാവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതല്ല...' വൈറലായി കുറിപ്പ്
കഴിഞ്ഞ തിങ്കളാഴ്ച ദുബായ്യിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുപതുകാരിയായ മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ നിന്നും ഇതുവരെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ മുക്തി നേടാൻ സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയിരുന്ന റിഫ മരിച്ചുവെന്ന വാർത്തയാണ് അടുത്ത ദിവസം അറിയുവാൻ കഴിഞ്ഞത്. ആയതിനാൽ തന്നെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചുകൊണ്ട് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഫോളോവേഴ്സും സ്നേഹിതരും കുടുംബാംഗങ്ങളും ബന്ധുക്കളുമൊക്കെ മരണ കാരണം അറിയാനായി കാത്തിരിക്കുകയാണ്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ ദുബായിലെ കരാമയിൽ ഒരു പർദ്ദ ഷോപ്പിൽ ജോലി നോക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ സമൂഹമാധ്യമങ്ങളില്‍ റിഫ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. ഇവർക്ക് ഒരു മകളുണ്ട്. മകളെ നാട്ടിലേൽപ്പിച്ചാണ് റിഫ ദുബായിക്ക് ജോലിക്കായി എത്തിയത്. എന്നാൽ ഈ വാർത്തകൾക്കും ഏറെ മനുഷ്യത്വരഹിതമായ കമന്റുകൾ ഇട്ട് രസിക്കുന്ന മനുഷ്യരെ കാണുവാൻ സാധിക്കും. ഇപ്പോഴിതാ റിഫയുടെ മരണത്തെ ട്രോളുന്ന മനുഷ്യത്വ രഹിതമായ പ്രവൃത്തി ചെയ്യുന്ന ഒരു കൂട്ടം ആൾക്കാരെ വിമർശിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി.. ഭാര്യയാണ്, ഒരു കുട്ടിയുടെ ഉമ്മയാണ്.. ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, ഇൻസ്റ്റഗ്രാം സെലിബ്രറ്റിയാണ്, അത്യാവശ്യം റീച്ചുള്ള വ്ളോഗറാണ്.. മരണപ്പെട്ടു.. മരണകാരണം എന്തും ആവട്ടെ, ആത്മഹത്യയാവട്ടെ അല്ലാതിരിക്കട്ടെ.. നമ്മുടെ ആരുടെയും ജീവിതത്തിൽ അത് ബാധിക്കുന്നില്ലല്ലോ..
പിന്നെന്തിനാണ് പ്രിയപ്പെട്ടവരേ, അനക്കമില്ലാത്ത തണുത്തുറഞ്ഞ ശരീരം നോക്കി വിങ്ങിപ്പൊട്ടിക്കരയുന്ന കുഞ്ഞിനെയോ , വേണ്ടപ്പെട്ടവരേയോ ഓർക്കാതെ ക്രൂരമായ തമാശകൾ എഴുതി രസിക്കുന്നത്.. അതിൽ ആനന്ദം കണ്ടെത്തുന്നത്.. ഓരോ വാർത്തകൾക്കും താഴെ എത്ര ക്രൂരമായ സാഹിത്യങ്ങളാണ് എഴുതി രസിക്കുന്നത്. ചിരിക്കുന്ന ഓരോ മുഖങ്ങൾക്കും പിന്നിൽ ഹൃദയം നുറുങ്ങുന്ന ഒരായിരം സങ്കടങ്ങൾ പേറുന്നവരുണ്ടാവാം.. ഒരു നിമിഷത്തെ ബുദ്ധിമോശത്തിന് ജീവിതം അവസാനിപ്പിക്കുന്നവരുണ്ടാവാം.. ആരോടും പറയാതെ നിശബ്ദമായി സഹിച്ചിരിക്കുന്നവരുണ്ടാവും.. അവർ കടന്ന് പോയതോ അനുഭവിച്ചതോ ആയ മാനസികാവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതല്ല..
തലേ ദിവസവും സന്തോഷത്തോടെ വ്ളോഗ് ചെയ്ത് പേജിൽ അപ്ലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ മരണവാർത്ത കേൾക്കുമ്പോൾ അതിൻ്റെ കാരണം അറിയാനുള്ള ത്വര മനുഷ്യ സഹജമാണ്.. തിരുത്താനോ, കൂട്ടി എഴുതാനോ , കൃത്യമം കാണിക്കാനോ കഴിയാത്ത ശക്തമായ ഭരണ സംവിധാനം നില നിൽക്കുന്ന നാട്ടിലാണ് അവൾ പ്രാണൻ വെടിഞ്ഞ് കിടക്കുന്നത്..
അവളുടെ മയ്യത്തിനെ ഭക്ഷിക്കരുത്... മരണകാരണത്തിൻ്റെ കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്ത് വിടുന്നത് വരെ ഇനിയും അവളുടെ മയ്യത്തിനെ ഭക്ഷിക്കരുത്.. വെറുപ്പും, തമാശയും, കളിയാക്കലുമായി ഇരുപത് വയസ്സുകാരിയുടെ മരണം ആഘോഷിക്കുന്നവർ, നാളെ തങ്ങളുടെ വേണ്ടപ്പെട്ടവർ ആരും ഇത്തരത്തിൽ കടന്ന് പോവില്ല എന്ന് ഉറപ്പിക്കരുത്. ദുരന്തങ്ങളൊരിക്കലും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് സംഭവിക്കില്ല എന്നാശ്വസിക്കരുത്.. പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കാൻ പ്രാർത്ഥിക്കുക.. അവളുടെ പ്രിയപ്പെട്ടവർക്ക് സഹിക്കാനുള്ള ക്ഷമ പടച്ചവൻ നൽകട്ടെ..
https://www.facebook.com/Malayalivartha























