'അദ്ദേഹത്തിൻ്റെ പന്തുകൾ പോലെ പ്രവചിക്കാൻ പറ്റാത്തതായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ ഐ.പി.എൽ വിജയവും.. ആരും സാധ്യത കല്പിക്കാതെയിരുന്ന ഒരുകൂട്ടം കളിക്കാരുമായി കിരീടത്തിലേക്കുള്ള നടന്നുകയറ്റം.. ആ വിടവാങ്ങലിലും അതുപോലെ ഒരു ഞെട്ടിക്കലുണ്ടാവുന്നത് ഒരു പക്ഷേ കാലത്തിൻ്റെ ഒരു ക്രൂരമായ തമാശയാവും...' ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം, ഷെയ്ൻ വോൺ വിടപറയുമ്പോൾ.... ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു
ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്മാരില് ഒരാളായ മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ അന്തരിച്ചു. തായ്‌ലൻഡിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. എന്നാൽ കായികലോകത്തിന് നഷ്ടമായത് ക്രിക്കറ്റിലെ ഇതിഹാസത്തെയാണ്. 'പന്തുകൾ പോലെ പ്രവചിക്കാൻ പറ്റാത്തതായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ ഐ.പി.എൽ വിജയവും.. ആരും സാധ്യത കല്പിക്കാതെയിരുന്ന ഒരുകൂട്ടം കളിക്കാരുമായി കിരീടത്തിലേക്കുള്ള നടന്നുകയറ്റം.. ആ വിടവാങ്ങലിലും അതുപോലെ ഒരു ഞെട്ടിക്കലുണ്ടാവുന്നത് ഒരു പക്ഷേ കാലത്തിൻ്റെ ഒരു ക്രൂരമായ തമാശയാവും...' എന്ന് കുറിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സെഞ്ചുറികളെക്കുറിച്ച് കഥകളുണ്ട്..
വീരോചിതമായ ഇന്നിങ്ങ്സുകളെക്കുറിച്ച് വാഴ്ത്തുപാട്ടുകളുണ്ട്.. എന്തിന്, ഒരിന്നിങ്ങ്സിൽ ബാറ്റ്സ്‌മാനെ വട്ടം കറക്കിയ സ്പെല്ലുകളെ ഇന്നും ഓർമിച്ചുവയ്ക്കാറുണ്ട് കായികലോകം.. അവിടേക്ക് ഒരു പന്ത്, ഒരേയൊരു ഡെലിവറി എന്നെന്നേയ്ക്കുമായി ചരിത്രത്തിൽ സ്ഥാനമുറപ്പിച്ചുകൊണ്ട് പിച്ചിൽ നിലയുറപ്പിക്കുന്നുണ്ട്... ആ ഡെലിവറിയുടെ പിന്നിലെ മാന്ത്രികനും... ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത്... മുന്നോട്ട് നീട്ടിവച്ച ബാറ്റ്സ്‌മാൻ്റെ ഇടം കാലും അതോട് ചേർന്നു നിൽക്കുന്ന ബാറ്റും മതിയാവുന്നതാണ് ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന ആ പന്തിനെ പ്രതിരോധിക്കാൻ...
എല്ലാ പ്രതിരോധങ്ങളെയും തകർത്തുകൊണ്ട് ഓഫ് സ്റ്റമ്പിൻ്റെ മുകളിലെ ബെയിലുമായി പന്ത് പറക്കുമ്പൊ അവിശ്വസനീയതയോടെ നോക്കിനിന്ന ഗാറ്റിങ്ങിൻ്റെ പ്രതികരണത്തിലുണ്ടായിരുന്നു എല്ലാം.. മൂന്ന് പതിറ്റാണ്ടോളം മുൻപ് പിച്ചിൽ പതിച്ച ആ പന്ത് ഇന്നും ഓർമിക്കപ്പെടുന്നു... താരതമ്യം ചെയ്യപ്പെടുന്നു... കുൽദീപ് യാദവ് തൊട്ട് ശിഖ പാണ്ഡേ വരെയുള്ളവരുടെ ഡെലിവറികളിൽ..... 1999ൽ ലോകകപ്പിൽ സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലെ മൽസരം ഒരുപക്ഷേ ഓർമിക്കപ്പെടുന്നത് ക്ലൂസ്നറുടെയും ഡൊണാൾഡിൻ്റെയും ആ വിശ്വവിഖ്യാതമായ ടൈയുടെയും പേരിലാവും.. എന്നാൽ അതിനു മുൻപ് വോണിൻ്റെ ഒരു തിരുവിളയാടലുണ്ടായിരുന്നുവെന്നതും ഒരു വസ്തുതയാണ്... ആ സ്കോർ ബോർഡ് ഒന്ന് വിളിച്ചുപറയും ഷെയ്ൻ വോൺ ആരാണെന്ന്...
സാക്ഷാൽ ഷെയ്ൻ വോണിനെതിരെയുള്ള ഹീറോയിക്സ് കൂടിയാണ് സച്ചിൻ തെണ്ടുൽക്കർക്ക് അത്ര വേഗം ഇന്ത്യൻ ക്രിക്കറ്റിലെ ദൈവമായി പടികൾ കയറാൻ സാധ്യമാക്കിയതെന്ന് പറഞ്ഞാൽ അതൊരു അവിശ്വസനീയതയാവില്ല.. ഏതെങ്കിലും പത്ത് പേരെ തല്ലുന്നതും പത്ത് ഡോണിനെ തല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞപോലെ....
അദ്ദേഹത്തിൻ്റെ പന്തുകൾ പോലെ പ്രവചിക്കാൻ പറ്റാത്തതായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ആദ്യ ഐ.പി.എൽ വിജയവും.. ആരും സാധ്യത കല്പിക്കാതെയിരുന്ന ഒരുകൂട്ടം കളിക്കാരുമായി കിരീടത്തിലേക്കുള്ള നടന്നുകയറ്റം.. ആ വിടവാങ്ങലിലും അതുപോലെ ഒരു ഞെട്ടിക്കലുണ്ടാവുന്നത് ഒരു പക്ഷേ കാലത്തിൻ്റെ ഒരു ക്രൂരമായ തമാശയാവും..
For a retirement, this is too early..
Rest in peace Legend
https://www.facebook.com/Malayalivartha























