പി ജെ പതുങ്ങുന്നത് ജയിക്കാനായി.... സി പി എം രാഷ്ട്രീയത്തില്‍ അടുത്ത രണ്ടു കൊല്ലത്തിനകം നടക്കുന്ന അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പി.ജയരാജന്‍ നേത്യത്വം നല്‍കും, ഇത് പ്ലാന്‍ ബി

സി പി എം രാഷ്ട്രീയത്തില്‍ അടുത്ത രണ്ടു കൊല്ലത്തിനകം നടക്കുന്ന അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പി.ജയരാജന്‍ നേത്യത്വം നല്‍കും.ജയരാജനെ വെട്ടിയ കോടിയേരിയെ കാലം വെട്ടും.
ഇതിന് മുന്നോടിയായാണ് മാധ്യമങ്ങള്‍ നടത്തുന്ന ഒളിസേവക്ക് തന്നെ കിട്ടില്ലെന്ന് പി.ജെ.പറഞ്ഞത്.ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള സി പി എമ്മിനെ ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും വരുന്ന പി.ജെ അനുകൂല മുദ്രാവാക്യങ്ങള്‍ അദ്ദേഹം തള്ളുകയും ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജനെ തഴഞ്ഞതില്‍ മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ നോക്കേണ്ടെന്നും, സ്വന്തം നിലപാട് പി ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പക്ഷേ തനിക്ക് പിന്നിലൊരുങ്ങുന്ന ചതിക്കുഴി കോടിയേരി കാണുന്നില്ല.
പിണറായിക്ക് ഒപ്പം നിന്ന് കോടിയേരിയെ വെട്ടാനാണ് പി.ജെ യുടെ തീരുമാനം. ഇതിനെ പ്ലാന്‍ ബി എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. പിണറായിയുടെ അനന്തരാവകാശിയായി മുഹമ്മദ് റിയാസിനെ പി.ജെ.അവതരിപ്പിക്കും.ഷംസീറുമായുള്ള പി.ജെയുടെ അഭിപ്രായ ഭിന്നത ഇതിന് കരുത്തേകുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടിയില്‍ കോടിയേരിയെക്കാള്‍ പിന്തുണയുള്ള നേതാവാണ് പി.ജയരാജന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പാര്‍ട്ടി കാതോര്‍ക്കുമെന്ന് പിണറായിക്കറിയാം. റിയാസിനാകട്ടെ പി.ജെ യുമായി വളരെ മികച്ച ബന്ധമാണുള്ളത്. പി.ജെയുടെ ആദര്‍ശ പരിവേഷം റിയാസിന് ഗുണമാകും.
ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോടിയേരിയുടെ പ്രതികരണത്തില്‍ നിന്നും ഇക്കാര്യം മനസിലാക്കാം. ''ആരുടെ മകനായാലും പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം'' എന്നായിരുന്നു പ്രതികരണം. സിപിഎം സംസ്ഥാനസെക്രട്ടറിക്കസേരയില്‍ മൂന്നാമൂഴം ലഭിച്ച ശേഷം കണ്ണൂരില്‍ നടന്ന സ്വീകരണയോഗത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
പി ജയരാജന്റെ വീഡിയോ ഷെയര്‍ ചെയ്ത് 'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചില്‍ത്തന്നെ' എന്നായിരുന്നു മകന്‍ ജെയ്ന്‍ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു ഈ പോസ്റ്റ്. ഏത് പ്രതികരണമാണെങ്കിലും ഫേസ്ബുക്കിലല്ല, പാര്‍ട്ടിയില്‍ പറയണമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ജയരാജന്‍ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. പൊതുയോഗത്തിലായിരുന്നു പ്രതികരണം. പാര്‍ട്ടിയില്‍ എന്തു പദവി കിട്ടുമെന്ന് നോക്കിയിട്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്ന പിജെ, മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനസ്സാണെന്ന് കുറ്റപ്പെടുത്തി. എങ്കിലും ജയരാജനെ തഴഞ്ഞതില്‍ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതികരണങ്ങള്‍ നടത്തുകയാണ്.
'പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ഈ നേതാവ് ജനഹൃദയങ്ങളിലുണ്ട്'. ഇന്നലെ മുതല്‍ പിജെ അനുയായികളില്‍ പലരുടെയും വാട്‌സപ്പ് സ്റ്റാറ്റസ് ഇതാണ്. ജയരാജന്റെ സമൂഹമാധ്യമത്തിലെ ഫാന്‍സ് കൂട്ടായ്മ ആയിരുന്ന പിജെ ആര്‍മിയെ പാര്‍ട്ടി നിയന്ത്രിച്ച് 'റെഡ് ആര്‍മി' എന്ന് പേരുമാറ്റിയിരുന്നു. ജയരാജനെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റിടരുതെന്നും തിട്ടൂരം ഉണ്ടായിരുന്നു.
എന്നാല്‍ ഇന്നലെ റെഡ് ആര്‍മി ഒഫീഷ്യല്‍ പേജില്‍ പിജെയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകള്‍ നിറഞ്ഞു. 'കണ്ണൂരിന്‍ ചെന്താരകമല്ലോ പി ജയരാജന്‍ ധീരസഖാവ്' എന്ന വാഴ്ത്തുപാട്ടും പേജില്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂരില്‍ മടങ്ങിയെത്തിയ ജയരാജന്‍ മാധ്യമ വിമര്‍ശനത്തെ മറയാക്കിയാണ് മറുപടി പറഞ്ഞത്.
പറയാനുള്ളത് മാത്രം പറഞ്ഞ് പി ജെ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ്. പ്രകടനം നടത്തരുതെന്നും ഫ്‌ലക്‌സ് വയക്കരുതെന്നും കര്‍ശന നിര്‍ദ്ദേശവും അനുയായികള്‍ക്ക് നല്‍കിയിട്ടുണ്ട്.
പുലി പതുങ്ങുന്നത് തോല്‍ക്കാനല്ല. ജയിക്കാനാണ്.
"
https://www.facebook.com/Malayalivartha
























