മറക്കാതെ ശബരിമലയും... കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചതു തെറ്റാണെന്ന് സമ്മതിച്ച് പോലീസ്; ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്ന് പൊലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചു; കോവിഡ് തീര്‍ന്നെങ്കിലും ഏത്തം മാഞ്ഞില്ല

യുവ പോലീസ് ഓഫീസര്‍ യതീഷ് ചന്ദ്രയെ മലയാളികള്‍ മറക്കില്ല. ശബരിമല പ്രക്ഷോഭക്കാലത്ത് ശബരിമലയിലേക്ക് പോയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അകത്താക്കിയ ഓഫീസറാണ് യതീഷ് ചന്ദ്ര. അന്നത്തെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം തടഞ്ഞതും വാര്‍ത്തയായി. കോവിഡ് കാലത്തും ശ്രദ്ധേയനായ യതീഷ് ചന്ദ്രയ്ക്ക് വേണ്ടി സര്‍ക്കാര്‍ വീഴ്ച ഏറ്റ് പറഞ്ഞിരിക്കുകയാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചതു തെറ്റായിപോയെന്നും ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്നും പൊലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ്പി യതീഷ് ചന്ദ്ര യുവാക്കളെ ഏത്തമിടീച്ച സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞത്.
ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏത്തമിടീക്കല്‍ നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഏത്തമിടീച്ച നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു.
നിയമ ലംഘനം കണ്ടെത്തിയാല്‍ പൊലീസ് ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നതനുസരിച്ചു നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോടതികളാണ്.
കോവിഡ് വ്യാപനം തടയാന്‍ പൊലീസ് സ്ത്യുത്യര്‍ഹ സേവനം നടത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നിയമ ലംഘകര്‍ക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാന്‍ കഴിയില്ല.
സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടിയാണ് ഡി.ഐ.ജി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2020 മാര്‍ച്ച് 22ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്നത്തെ കണ്ണൂര്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര വളപട്ടണത്തെ തയ്യല്‍ക്കടക്കുസമീപം നിന്നവരെ ഏത്തമിടീച്ചത്. കൂട്ടംകൂടി നിന്നവരില്‍ പിരിഞ്ഞുപോകാതിരുന്ന മൂന്നു പേരെയാണ് ഏത്തമിടീച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധികം വൈകാതെ യതീഷ് ചന്ദ്ര സ്ഥലംമാറിപ്പോയി.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്.
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത്. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കണ്ണൂര്‍ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ആളുകളെ ഏത്തമിടീച്ച സംഭവം ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയോട് ഇതേ കുറിച്ച് സംസാരിക്കുകയും ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ യശസിനു മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവേ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ആ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha