പുക കൂടി കാണട്ടെ... ഗാന്ധി കുടുംബത്തെ ഇപ്പോള്‍ വലിച്ച് താഴെയിടീക്കുമെന്ന് തോന്നിപ്പിച്ച കോണ്‍ഗ്രസ് ജി 23 നേതാക്കള്‍ വാലും ചുരുട്ടി പ്രസ്താവനയിറക്കി; പാര്‍ട്ടിയില്‍ കൂട്ടായ നേതൃത്വം വേണമെന്ന് നേതാക്കള്‍; വിശാലമായ കൂടിയാലോചന വേണം; ഇക്കാര്യങ്ങള്‍ സോണിയ ഗാന്ധിയെ അറിയിക്കും

കോണ്‍ഗ്രസിന് ശുഭഭാവി ജി 23 നേതാക്കളില്‍ കുറേ പേരെങ്കിലും കണ്ടതാണ്. ഗാന്ധി കുടുംബത്തിനെതിരെ നീങ്ങിയ നേതാക്കള്‍ ഒളിഞ്ഞും തിരിഞ്ഞും ആഞ്ഞടിച്ചതാണ്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഗാന്ധി കുടുംബത്തെ ഇപ്പോള്‍ വലിച്ച് താഴെയിടീക്കുമെന്ന് തോന്നിപ്പിച്ചതാണ്. സോണിയാ ഗാന്ധിയുടെ പടിയിറക്കം എല്ലാവരും സ്വപ്നത്തില്‍ കണ്ടതാണ്. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വം വേണമെന്ന് ജി 23 നേതാക്കള്‍. സംഘടനാ കാര്യങ്ങളില്‍ വിശാലമായ കൂടിയാലോചന വേണമെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ബിജെപിയെ എതിര്‍ക്കാന്‍ സമാന മനസ്‌കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളുടെ യോഗം ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഗുലാംനബി ആസാദിന്റെ വസതിയിലാണു യോഗം നടന്നത്. ശശി തരൂര്‍, കപില്‍ സിബല്‍, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, ആനന്ദ് ശര്‍മ, മണിശങ്കര്‍ അയ്യര്‍, പി.ജെ. കുര്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗുലാം നബി ആസാദ് വ്യാഴാഴ്ച സോണിയ ഗാന്ധിയെ കാണും. ജി 23 യോഗത്തിലെ നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ യോഗത്തില്‍ പങ്കെടുക്കുമെന്നാണു വിവരം.
അതിനിടെ ബിജെപിയെ നേരിടാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും വ്യാജ മതേതരത്വം ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസിനു സഖ്യകക്ഷിയായ ശിവസേനയുടെ ഉപദേശം ലഭിച്ചു. ബിജെപിക്കെതിരെ ബദല്‍ ആഖ്യാനങ്ങള്‍ സൃഷ്ടിക്കണമെന്നും പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗം വ്യക്തമാക്കി.
ബിജെപിയുടെ സൈബര്‍സേന വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുകയാണ്. ബംഗാളിലും മഹാരാഷ്ട്രയിലും ബിജെപി നേതാക്കള്‍ ഈ ആഖ്യാനങ്ങളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അതൊന്നും അവര്‍ വിചാരിച്ചത്ര ഫലമുണ്ടാക്കിയില്ല. ഉത്തര്‍പ്രദേശില്‍ എസ്പി നേതാവ് അഖിലേഷ് യാദവ് ബിജെപിക്കെതിരെ ശക്തമായ പോരാട്ടമാണു നടത്തിയത്. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാകുന്നില്ല.
ഹിജാബ് വിവാദം, ദ് കശ്മീര്‍ ഫയല്‍സ് സിനിമ തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കു ബദല്‍ ആഖ്യാനങ്ങള്‍ ഒരുക്കാന്‍ കോണ്‍ഗ്രസും മറ്റുള്ളവരും പഠിക്കേണ്ടിയിരിക്കുന്നു. പഴയതും പരമ്പരാഗതവുമായ രീതിയിലൂടെ ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാകില്ല. വ്യാജ മതേതരത്വം കോണ്‍ഗ്രസ് ഉപേക്ഷിക്കണം. ജി 23 നേതാക്കള്‍ ഗുണമില്ലാത്തവരാണ്. ഗാന്ധി കുടുംബത്തിനു മാത്രമെ കോണ്‍ഗ്രസിനെ നയിക്കാനാകൂ എന്നും എഡിറ്റോറിയലില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിലെ അന്തരമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പലരും പരാതി പറയുന്നത്. കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ കേട്ടിരിക്കാനാണ് രാഹുലിനു പ്രിയം. തങ്ങളുടെ ആവശ്യങ്ങളും പരിഭവങ്ങളും സോണിയയ്ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് മുതിര്‍ന്നവര്‍ക്കു താല്‍പര്യം. രാഹുലുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ പറയുന്നു, ജനറേഷന്‍ ഗ്യാപ് ആണ് തലപ്പത്തെ പ്രശ്‌നമെന്ന്. രാഹുലും ഒരുപരിധി വരെ പ്രിയങ്കയും നേതാക്കള്‍ക്ക് അപ്രാപ്യരായെന്നും നാമനിര്‍ദേശ സംസ്‌കാരം കോണ്‍ഗ്രസില്‍ പിടിമുറുക്കിയെന്നുമാണ് ജി 23 നേതാക്കളുടെ ആരോപണം.
രാഹുലും ഒരുപരിധി വരെ പ്രിയങ്ക ഗാന്ധിയും നേതാക്കള്‍ക്ക് അപ്രാപ്യരായി മാറിയെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനു പകരം നാമനിര്‍ദേശ സംസ്‌കാരം കോണ്‍ഗ്രസില്‍ പിടിമുറുക്കിയെന്നും ജി 23 അംഗങ്ങളായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍, മനീഷ് തിവാരി എന്നിവര്‍ ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha