ഫോണും ലാപ്‌ടോപ്പുമുൾപ്പെടെ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഹാജരാക്കണം! നമ്പർ 18 പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമാദേവിനെ വീണ്ടും ചോദ്യം ചെയ്യും... നാളെ രാവിലെ 10ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം...

കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ നമ്പർ 18 പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമാദേവിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ 10ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. ഫോണും ലാപ്‌ടോപ്പുമുൾപ്പെടെ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഹജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ പൊലീസിന് മുന്നിൽ മൊബൈലില്ലാതെയാണ് അഞ്ജലി എത്തിയത്. അഞ്ച് മണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും അഞ്ജലി സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
നമ്പർ 18 ഹോട്ടലിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും പരാതി അടിസ്ഥാനരഹിതമാണെന്നാണ് മൊഴി. സാമ്പത്തിക ഇടപാടാണ് പരാതിക്ക് പിന്നിലെന്നും അവർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയാണ് അഞ്ജലി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. രാവിലെ 11ഓടെ എറണാകുളത്ത് കോടതിയിൽ അഞ്ജലി എത്തി. ഈസമയം കേസിലെ ഒന്നാം പ്രതി റോയ് വയലാട്ട്, രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കാൻ അന്വേഷണസംഘവും കോടതിയിൽ എത്തിയിരുന്നു. അഞ്ജലി കോടതിയിൽ ഹാജരായെന്ന് അറിഞ്ഞതോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അഞ്ജലിക്ക് നേരിട്ട് കത്ത് നൽകി. കേസിൽ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായി എറണാകുളം പോക്‌സോ കോടതിയിൽ എത്തിയതിന് ശേഷമാണ് അഞ്ജലി ചോദ്യം ചെയ്യലിന് ഹാജരായത്.
https://www.facebook.com/Malayalivartha