സംസ്ഥാന നേതൃത്വത്തിനോ പ്രവര്‍ത്തകര്‍ക്കോ പരിചിതരല്ലാത്ത നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തോട് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി... എം ലിജുവിനെതിരെ പരോക്ഷ നീക്കവുമായി കെ മുരളീധരന്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി

സംസ്ഥാന നേതൃത്വത്തിനോ പ്രവര്‍ത്തകര്‍ക്കോ പരിചിതരല്ലാത്ത നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തോട് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി. ഇത്തരക്കാരുടെ പേരുകള്‍ ചര്‍ച്ചയാകുന്നത് പോലും ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് എത്തിക്കാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കെ സുധാകരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
കെ കരുണാകരന്‍ കേന്ദ്ര മന്ത്രിയായിരിക്കെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിതനായ ശ്രീനിവാസന്‍ പിന്നീട് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ത പട്ടികയിലേയ്ക്ക് ചേക്കേറുകയായിരുന്നു.
എം ലിജുവിന്റെ പേര് സജീവ പരിഗണനയിലാണെന്ന് കെ സുധാകരന്‍ പരസ്യമാക്കിയത് ഈ സ്ഥാനാര്‍ത്ഥിയെ തടയാനാണെന്നും സൂചനയുണ്ട്. എന്നാല്‍ യുവാക്കള്‍ എന്നതിനപ്പുറം യുവത്വവും പരിചയ സമ്പന്നതയും ഒത്തു ചേര്‍ന്ന വ്യക്തികളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം.
ന്യൂനപക്ഷ വിഭാഗത്തിന് അവസരം നല്‍കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അത്തരത്തിലുള്ള പരിഗണനകള്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇപ്പോള്‍ നേതൃത്വം അഭിപ്രായപ്പെടുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്കായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നും തോറ്റവര്‍ അതാത് മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെയെന്നും എം ലിജുവിനെതിരെ പരോക്ഷ നീക്കവുമായി കെ മുരളീധരന്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി. ക്രിയാത്മകമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിവുള്ളവര്‍, ഭാഷാ പ്രാവീണ്യമുള്ളവര്‍ എന്നിവരെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha