'അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നു, അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല'; ഇന്ധനവില വര്‍ദ്ധനവിന് കാരണം റഷ്യ - യുക്രൈന്‍ യുദ്ധമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഇന്ധനവില വര്‍ദ്ധനവിന് കാരണം റഷ്യ - യുക്രൈന്‍ യുദ്ധമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.റഷ്യയും യുക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു, ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഇന്ധനത്തിന്റെ 80%വും ഇറക്കുമതി ചെയ്യുന്നതാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിനിടയില്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.
2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിന് രാജ്യത്തിന് ആവശ്യമായ ഇന്ധനം സ്വയം ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദന സമ്ബദ്വ്യവസ്ഥ ഉണ്ടാകും.
ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. കൂടാതെ, ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഫ്ളെക്‌സ്-ഫ്യുവല്‍ എഞ്ചിനുകളുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്, അവ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വര്‍ധനയാണ് ഈ വര്‍ദ്ധനവ്. മാര്‍ച്ച് 22 മുതല്‍ മൂന്ന് തവണയുള്ള വര്‍ദ്ധനയോടെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2.40 രൂപയാണ് വര്‍ദ്ധിച്ചത്.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്ബനികള്‍ ദിവസേന കൂട്ടുകയാണ്. തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍ ഡീസല്‍ വില കൂട്ടി. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വര്‍ദ്ധിച്ചു. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്ബനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.
https://www.facebook.com/Malayalivartha