എറണാകുളം ചേരാനല്ലൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; ആനയെ മയക്കു വെടിവച്ച് തളച്ചു

എറണാകുളം ചേരാനല്ലൂര്‍ ഇടയക്കുന്നത്ത് ആന ഇടഞ്ഞു. ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്.ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം നല്‍കാന്‍ ക്ഷേത്രമതില്‍ക്കെട്ടിന് അകത്ത് എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
തളയ്ക്കാനുള്ള പാപ്പാന്‍മാരുടെ ശ്രമം പരാജയപ്പെട്ടതോടെ ആന ക്ഷേത്രമതിലിന്റെ ഒരു ഭാഗവും, മുറ്റത്തുണ്ടായിരുന്ന പന്തലും, മൈക്ക് സെറ്റും തകര്‍ത്തു. ജനവാസ കേന്ദ്രമായതിനാല്‍ മതില്‍ക്കെട്ടിന് വെളിയിലേക്ക് കടക്കാതിരിക്കാന്‍ പാപ്പാന്‍മാര്‍ തുടര്‍ച്ചയായി ആനയുടെ ശ്രദ്ധ തിരിച്ചു കൊണ്ടിരുന്നു.
അഞ്ചരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സര്‍ജനുമെത്തി ആനയെ മയക്കു വെടിവച്ചു. തുടര്‍ന്ന് തളച്ചു. ചൂട് കൂടിയതാണ് ആന ഇടയാന്‍ കാരണമെന്നാണ് നിഗമനം. ഇടച്ചങ്ങല ഇടാതിരുന്നതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha