പിടികിട്ടാതെ യൂസഫലി... ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ എംഎ യൂസഫലി ഒന്നാമത്; സമ്പന്നതയില്‍ നിന്നും അതി സമ്പന്നതയിലേക്ക് പോകുമ്പോഴും പാവങ്ങള്‍ക്ക് വാരിക്കോരി നല്‍കി യൂസഫലി; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഗാന്ധിഭവന് 50 ലക്ഷം നല്‍കി; 100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കുന്ന ദുബായ് ഭരണാധികാരിയുടെ പദ്ധതിക്ക് 4 കോടി നല്‍കി

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്. ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് എം എ യൂസഫലി എത്തി.
ഈ വര്‍ഷത്തെ പട്ടികയില്‍ ആഗോള തലത്തില്‍ 490ാം സ്ഥാനമാണ് യൂസഫലിക്ക്. 540 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. ടെസ്ല കമ്പനി മേധാവി ഇലോണ്‍ മസ്‌കാണ് ഫോബ്‌സ് പട്ടികയിലെ ഒന്നാമന്‍. 21900 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി.
ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഒന്നാം സ്ഥാനത്തെത്തിയത്. ജെഫ് ബെസോസ് രണ്ടാമതെത്തി. ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണനാണ് (410 കോടി ഡോളര്‍) മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍ സ്വന്തമാക്കി. 360 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
അതേസമയം ഈ സമയത്ത് യൂസഫലിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശ്രദ്ധ നേടുകയാണ്. പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി യൂസഫലിയുടെ കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഗാന്ധിഭവന് 50 ലക്ഷം രൂപ സ്‌നേഹസമ്മാനമായി നല്‍കിയാണു എം.എ.യൂസഫലി കൈത്താങ്ങായത്.
ഗാന്ധിഭവന് യൂസഫലി കൈത്താങ്ങാകുന്നത് ഇതാദ്യമല്ല. കോവിഡ് ആരംഭഘട്ടത്തിലും ഇതേ കാരുണ്യവര്‍ഷം ഗാന്ധിഭവനെ തേടിയെത്തിയിരുന്നു. 40 ലക്ഷം രൂപയാണ് ആദ്യം സമ്മാനിച്ചത്. പിന്നീട് കോവിഡ് പ്രതിരോധത്തിലും കൈത്താങ്ങായി. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനും അന്നദാനത്തിനുമായി 25 ലക്ഷം രൂപ അന്ന് കൈമാറി.
പ്രതിവര്‍ഷ ഗ്രാന്റടക്കം ആറ് വര്‍ഷത്തിനിടെ ഏഴേകാല്‍ കോടിയോളം രൂപയുടെ സഹായം യൂസഫലി ഗാന്ധിഭവനെത്തിച്ചു. ഇതിനു പുറമെ, 15 കോടിയിലധികം മുടക്കി അന്തേവാസികള്‍ക്കായി നിര്‍മ്മിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാകും. മുന്നൂറോളം പേര്‍ക്ക് താമസിയ്ക്കാനുള്ള സൗകര്യം നല്‍കുന്നതാകും പുതിയ മന്ദിരം.
കോവിഡ് കാലം തുടങ്ങിയത് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു ഗാന്ധിഭവന്‍ നേരിടുന്നത്. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, ചികിത്സ ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മൂന്നു ലക്ഷത്തോളം രൂപ വേണമെന്നിരിക്കെ ലഭിച്ചിരുന്ന പല സഹായങ്ങളും കോവിഡ് പ്രതിസന്ധികാലത്ത് നിലച്ചു. ഇതു ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കെയാണു യൂസഫലിയുടെ സ്‌നേഹസാന്ത്വനം വീണ്ടും ആശ്വാസമായി എത്തിയതെന്നു ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ലഭിച്ചതിനു യൂസഫലിയോടു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ കാരുണ്യസ്പര്‍ശം ഗാന്ധിഭവന്റെ വാതില്‍ക്കലെത്തി. ആറു വര്‍ഷം മുന്‍പുള്ള സന്ദര്‍ശനവേളയില്‍ ഗാന്ധിഭവനിലെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും മക്കളുപേക്ഷിച്ച അമ്മമാരുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍ അറിയാനിടയായതും തന്നെ വല്ലാതെ വേദനിപ്പിച്ചെന്നു യൂസഫലി പറഞ്ഞിരുന്നു. ഗാന്ധിഭവന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും മതേതര സ്വഭാവവും ഏറെ ആകര്‍ഷിച്ചെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം അമ്പത് രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് 2 മില്യണ്‍ ദിര്‍ഹം അതായത് 4 കോടി രൂപ എം.എ.യൂസഫലി നല്‍കി.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്, യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിന്‍ റാഷിദ് ചാരിറ്റബിള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാകുന്നത്. വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നല്‍കുന്ന ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി എന്നതാണ് ലോകത്തിന് ഇത് നല്‍കുന്ന സന്ദേശം. അങ്ങനെ യൂസഫലി ഉയരുന്തോറും പാവങ്ങള്‍ക്കും കൈത്താങ്ങുകയാണ്.
"
https://www.facebook.com/Malayalivartha


























