പ്രേതബാധയെന്ന് ആരോപിച്ച് ട്രാന്‍സ് വുമണിനെ മന്ത്രവാദത്തിന് ഇരയാക്കി, കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ച് വികൃതമാക്കി, പ്രതികളെ പിടി കൂടാന്‍ പോലീസിനും ഭയമെന്ന് യുവതി

എത്രയൊക്കെ പുരോഗമനം ഉണ്ടായലും അന്ധവിശ്വാസം എന്നത് മനുഷ്യനെ വിട്ട് പോകില്ല എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. എറണാകുളത്ത് ട്രാന്‍സ് വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ചാണ് മന്ത്രവാദത്തിന്റെ പുതിയ രൂപം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചി മരോട്ടിച്ചുവടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഇവരുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്ന് ആരോപിച്ചാണ് ഈ ക്രൂരത നടത്തിയത്. ഹോര്‍മോണ്‍ ചികിത്സയുടെ ബാക്കിപത്രമെന്നോണം ചില മാനസിക സംഘര്‍ഷങ്ങള്‍ യുവതിയില്‍ ഉണ്ടായിരുന്നു. അതവരുടെ പെരുമാറ്റത്തിലും പ്രകടമായിരുന്നു. എന്നാല്‍ ഇത് ബാധ കൂടിയതാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വുമണ്‍ മന്ത്രവാദ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. ഇതിനിടയിലാണ് യുവതിയുടെ കൈവെള്ളയില്‍ കര്‍പ്പൂരമിട്ട് കത്തിച്ചത്. ഇത്തരത്തില്‍ കുറെനേരം കര്‍പ്പൂരം കത്തിച്ച് പിടിച്ചതാണ് ഗുരുതരമായി കൈപൊള്ളാന്‍ ഇടയാക്കിയത്.
എന്നാല്‍ ആശുപത്രിയില്‍ പോയാല്‍ കേസാകുമെന്നതിനാല്‍ പ്രതിയായ ട്രാന്‍സ് വുമണ്‍ പൊള്ളലിനുള്ള മരുന്നു വാങ്ങി മുറിവില്‍വെക്കുകയാണ് ചെയ്തത്. പിന്നീട് മുറിവ് ഭേദമാകാതെ വന്നതോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ സ്വയം പൊള്ളലേല്‍പിച്ചതാണെന്ന് പറഞ്ഞ് പ്രതി തടിതപ്പാനാണ് ശ്രമിച്ചത്. അതിനുശേഷം പങ്കാളിയായ ട്രാന്‍സ് വുമണുമായി അകല്‍ച്ചയിലായതോടെയാണ് ഇവര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. പ്രതിയായ ട്രാന്‍സ് വുമണിന് ധാരാളം പിടിപാടുകള്‍ ഉള്ളതിനാല്‍ ഇക്കാര്യം പുറത്തുപറയാന്‍ തനിക്ക് ഭയമായിരുന്നെന്നും യുവതി പറഞ്ഞു.
അതേസമയം തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യമൊന്നും അന്വേഷണം നടത്താന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നും പിന്നീട് കമ്മ്യൂണിറ്റിയിലുള്ള ആളുകളെ കൂട്ടി പോയപ്പോഴാണ് മൊഴിപോലും എടുത്തത് എന്നും യുവതി മലയാളി വാര്‍ത്തയോട് പ്രതികരിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് ശരിയായ നടപടി ഉണ്ടായില്ല എങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത് എന്നും ക്രൂരതക്ക് ഇരയായ പെണ്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha


























