അതിനിര്‍ണായക നീക്കങ്ങള്‍... നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കുമ്പോള്‍ ദിലീപിനും അന്വേഷണ സംഘത്തിനും ഒരുപോലെ പ്രധാനം; ദിലീപിന്റെ ബന്ധുക്കള്‍ മുങ്ങുന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി സമയം നീട്ടാന്‍ ശ്രമം

കാവ്യാമാധവനെ എപ്പോള്‍ ചോദ്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് മലയാളികള്‍. അതേസമയം മറ്റൊരു വിവരമാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നീട്ടിക്കിട്ടാതിരിക്കാനായിരിക്കും ദിലീപിന്റെ അഭിഭാഷകര്‍ വാദിക്കുക.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. തെളിവുകള്‍ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്‌തെന്നാണ് ആരോപണം. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 2017ല്‍ ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, വ്യവസ്ഥയില്‍ ലംഘനം വരുത്തിയതുകൊണ്ടാണ് വിചാരണക്കോടതിയില്‍ ജാമ്യം റദ്ദാക്കാനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഇന്നലെ ഹാജരായിരുന്നു. കോടതി നടപടികളുടെ ചില രേഖകള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബൈജു പൗലോസിന്റെ വിശദീകരണം തൃപ്തികരമെല്ലെന്ന് വിലയിരുത്തിയ കോടതി, െ്രെകംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിനിടെ, മാദ്ധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
അതേസമയം കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന നടി കാവ്യാമാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. വീട്ടില്‍ വന്ന് ചോദ്യം ചെയ്യാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തിരിഞ്ഞെടുക്കാമെന്നാണ് കാവ്യയും ആവശ്യപ്പെടുന്നത്. എന്നാല്‍, പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം അന്വേഷണ സംഘം ഇതുവരെയും നിര്‍ദേശിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കാവ്യയുടെ ആവശ്യപ്രകാരമാണ് ഇന്നത്തേക്ക് മാറ്റിയത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനം അന്വേഷണ സംഘം ഇന്ന് എടുത്തേക്കും. നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നല്‍കിയേക്കും. കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരിക്കും നോട്ടീസില്‍ ആവശ്യപ്പെടുക.
പ്രൊജക്ടര്‍ ഉപയോഗിച്ചു ഡിജിറ്റല്‍ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും ഉള്‍പ്പെടെ കാണിച്ചും കേള്‍പ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടത്. കാവ്യയുടെ മൊഴികള്‍ ക്യാമറകളില്‍ പകര്‍ത്തുകയും വേണം. എന്നാല്‍ ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ചോദ്യം ചെയ്യാതിരുന്നത്.
കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. നോട്ടീസ് നല്‍കിയിട്ടും, ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവര്‍, ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത്തരത്തില്‍ കാലതാമസമുണ്ടായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കും. ഇത് ദിലീപിന് കുരുക്കാകും.
"
https://www.facebook.com/Malayalivartha






















