പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം

പതിനാലു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിക്കു നേരെ അയല്‍വാസിയായ വയോധികന്റെ ആസിഡ് ആക്രമണം. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാര്‍ഥിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആസിഡ് ആക്രമണത്തില്‍ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാര്‍ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പുല്‍പള്ളി മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയല്‍വാസി വേട്ടറമ്മല്‍ രാജു ജോസിനെ(55) പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവി വിലാസം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് മഹാലക്ഷ്മി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പെണ്‍കുട്ടി വീട്ടിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്റ്റുഡന്റ് പൊലീസ് കേഡറ്റായ പെണ്‍കുട്ടിയോട് അതിന്റെ യൂണിഫോം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധം മൂലമാണ് ഈ ആക്രമണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. രാജു ജോസിന് മാനസിക പ്രശ്‌നമുള്ളതായി കരുതുന്നതായും സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്നു പരിശോധിച്ചു വരുന്നതായും പുല്‍പ്പള്ളി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















