സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു... മൂന്നാംനില വരെ വലിയ തീഗോളമായി ഉയര്‍ന്ന് അഗ്നി... മൂന്നു നില കെട്ടിടം തകര്‍ന്നത് നിമിഷനേരം കൊണ്ട്, കടയിലുണ്ടായിരുന്ന പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... കെട്ടിടത്തില്‍ അനധികൃതമായി പാചകവാതക സിലിന്‍ഡര്‍ സൂക്ഷിച്ചിരുന്നതായി അഗ്‌നിരക്ഷാസേന

സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു... മൂന്നാംനില വരെ വലിയ തീഗോളമായി ഉയര്‍ന്ന് അഗ്നി... മൂന്നു നില കെട്ടിടം തകര്‍ന്നത് നിമിഷനേരം കൊണ്ട്, കടയിലുണ്ടായിരുന്ന പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്....
മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി സെന്ററിലുള്ള ഗ്യാസ് സ്റ്റൗ വില്‍പ്പന സര്‍വീസ് സെന്ററായ മജീദ് സ്റ്റോഴ്‌സില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ച് മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം നടന്നത്. ഗ്യാസ് സ്റ്റൗ നന്നാക്കുമ്പോഴാണ് അബദ്ധത്തില്‍ തീ പടര്‍ന്നതെന്ന് പോലീസ് പറയുന്നു. അപകടത്തെ തുടര്‍ന്ന് ആര്‍ക്കും പരിക്കുകളില്ല.
പത്തൊമ്പത് കിലോ വീതമുള്ള നാല് സിലിന്‍ഡറുകളും രണ്ട് കിലോ വീതമുള്ള അഞ്ച് സിലിന്‍ഡറുകളുമാണ് പൊട്ടിത്തെറിച്ചത്. മൂന്നാം നിലവരെ തീ പടര്‍ന്നെത്തി. മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു. കടയിലുണ്ടായിരുന്ന പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. കെട്ടിടത്തില്‍ തന്നെയുള്ള ചെറിയ തുണിക്കടയും കത്തി.
കെട്ടിടത്തിനു പിറകിലുള്ള രണ്ടുനില കെട്ടിടം വലിയവീട്ടില്‍ കോംപ്ലക്‌സിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി കാത്തിരുന്ന ലിഫ്റ്റും പൂര്‍ണമായി കത്തിനശിച്ചു. രണ്ട് വലിയ സിലിന്‍ഡറുകള്‍ തീപിടിക്കാതെ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ മാറ്റി.
കാലിയായ 12 വലിയ സിലിന്‍ഡറുകളും 15 ചെറിയ സിലിന്‍ഡറുകളും കടയിലുണ്ടായിരുന്നു. പുതുക്കാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും ചാലക്കുടിയില്‍നിന്ന് ഒരു യൂണിറ്റും എത്തി ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. കോടാലിയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു.
സംഭവത്തില്‍ കോടാലി പുഴക്കര ഇല്ലത്ത് വീട്ടില്‍ അബ്ദുള്‍ മജീദിന്റെ പേരില്‍ വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തു. സുരക്ഷിതമല്ലാതായ കെട്ടിടം പൊളിച്ചുമാറ്റാന്‍ നിര്‍ദേശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അറിയിച്ചു.
അതേസമയം വലിയ പുക പുറത്തേക്ക് വരുന്നതുകണ്ടാണ് തൊട്ടടുത്തുള്ള കച്ചവടക്കാര്‍ ശ്രദ്ധിച്ചത്. പുകയും തീയും ഗ്യാസ് സിലിന്‍ഡര്‍ സ്ഥാപനത്തില്‍നിന്നാണെന്ന് അറിഞ്ഞതും എല്ലാവരും ഷട്ടര്‍ താഴ്ത്തി ഓടി രക്ഷപ്പെട്ടു. ആദ്യ സിലിന്‍ഡര്‍ പൊട്ടിയതോടെ റോഡിലേക്ക് തീ ശക്തിയായി തള്ളിവന്നു. കാറ്റിന്റെ ഗതി എതിര്‍ദിശയിലേക്കായിരുന്നതിനാല്‍ തീ അധികം പടര്‍ന്നില്ലെന്ന് തൊട്ടടുത്തുള്ള കടകളിലെ ജീവനക്കാര്‍ പറഞ്ഞു.
കോടാലിയില്‍ സ്‌ഫോടനമുണ്ടായ കെട്ടിടത്തില്‍ അനധികൃതമായി പാചകവാതക സിലിന്‍ഡര്‍ സൂക്ഷിച്ചിരുന്നതായി അഗ്‌നിരക്ഷാസേനയുടെ പ്രത്യേകസംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ജനവാസമേഖലയില്‍ അനധികൃതമായി സിലിന്‍ഡര്‍ സൂക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശ്ശൂരില്‍നിന്നെത്തിയ സേനയുടെ സംഘമാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
https://www.facebook.com/Malayalivartha






















