ആശ്രിതനിയമനത്തിനു പകരം ഒറ്റത്തവണ നഷ്ടപരിഹാരം? സര്‍ക്കാര്‍ സര്‍വീസിലിരിക്കേ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ആശ്രിത നിയമനം നല്‍കുന്നതിനു പകരം ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാമെന്ന ശുപാര്‍ശയുമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി

ആശ്രിതനിയമനത്തിനു പകരം ഒറ്റത്തവണ നഷ്ടപരിഹാരം? സര്‍ക്കാര്‍ സര്‍വീസിലിരിക്കേ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ആശ്രിത നിയമനം നല്‍കുന്നതിനു പകരം ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാമെന്ന ശുപാര്‍ശയുമായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി.
ആശ്രിത നിയമനം പൂര്‍ണമായി നിര്‍ത്തണമെന്ന് 11-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് സമിതിയുടെ പുതിയ ശുപാര്‍ശ. എന്നാല്‍ ആശ്രിത നിയമനം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തില്ല. സംസ്ഥാനത്ത് 1970 മുതലാണ് ആശ്രിത നിയമനം തുടങ്ങിയത്.
സര്‍ക്കാര് ജീവനക്കാര്‍ സര്‍വീസിലിരിക്കേ മരിച്ചാല്‍ ജീവിത പങ്കാളിയ്‌ക്കോ മക്കള്‍ക്കോ മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്ന രീതിയാണിത്. എന്നാല്‍ ഇത്തരത്തില്‍ ജോലി വേണ്ടെങ്കില്‍ പകരം ഒറ്റത്തവണ നഷ്ടപരിഹാരം വാങ്ങാന്‍ ബന്ധുക്കളെ അനുവദിക്കുന്നതാണ് പുതിയ ശുപാര്‍ശ.
ഗ്രാറ്റുവിറ്റിയ്ക്ക് തുല്യമായിരിക്കും ഈ തുക. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനവകുപ്പ്, ഉദ്യോഗസ്ഥ വകുപ്പ്, ഭരണ പരിഷ്‌കാര വകുപ്പ് എന്നിവയിലെ സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. ഇതിന് മുഖ്യമന്ത്രിയുടെയും സംസ്ഥാന കാബിനറ്റിന്റെയും അംഗീകാരം ലഭിച്ചാല്‍ മാത്രം തീരുമാനം ഉടന്‍ നടപ്പാകുമെന്നാണ് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ ചട്ടം അനുസരിച്ച് ജീവനക്കാരന്‍ മരിച്ചാല്‍ ജീവിതപങ്കാളിയ്‌ക്കോ മക്കളില്‍ ഒരാള്‍ക്കോ ആണ് ജോലി ലഭിക്കേണ്ടത്. എന്നാല്‍ മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ അവിവാഹിതരായ സഹോദരങ്ങള്‍ക്കോ മാതാപിതാക്കളില്‍ ഒരാള്‍ക്കോ സര്‍ക്കാര്‍ ജോലി കിട്ടും. മരണം നടന്ന് രണ്ട് വര്‍ഷത്തിനകം ഇവര്‍ ജോലിയ്ക്ക് അപേക്ഷിക്കേണ്ടതാണ്. ഓരോ വകുപ്പിലും ആകെ തസ്തികയുടെ അഞ്ച് ശതമാനം ആശ്രിത നിയമനത്തിനായി മാറ്റി വെക്കാമെന്നാണ് ചട്ടമെങ്കിലും പല വകുപ്പുകളിലും 10 ശതമാനത്തിലേറെ ആശ്രിത നിയമനം നേടിയ ജീവനക്കാരുണ്ട്.
മാത്രവുമല്ല പലരുടെയും ഇത്തരത്തിലുള്ള അപേക്ഷകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണെന്നാണ് ആരോപണം. ആശ്രിത നിയമനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കാര്യക്ഷമത കുറവാണെന്നും ഇവരെ സ്ഥാനക്കയറ്റത്തിനു പരിഗണിക്കുന്നതിനു മുന്‍പ് കര്‍ശനമായ സ്‌ക്രീനിങ് നടത്തണമെന്നുമാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. എന്തായാലും ആശ്രിത നിയമനം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശം പഠിച്ച ശേഷമായിരിക്കും സമിതിയുടെ പുതിയ ശുപാര്‍ശ.
\
https://www.facebook.com/Malayalivartha




















