ജന്മിമാരുടെ പത്തായങ്ങളിൽ നെല്ല് നിറഞ്ഞ് കവിയുമ്പോൾ വിശേഷ ദിവസങ്ങളിൽ പോലും ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ നാട്ടിലാകെ ജനങ്ങൾ മരിച്ചുവീണു; നീതിനിഷേധത്തിനെതിരായ പോരാട്ടങ്ങളിൽ എന്നും ജ്വലിച്ചുനിൽക്കുന്ന സമരങ്ങളിൽ മുൻപന്തിയിലാണ് തില്ലങ്കേരി; ഉരിയരിക്ക് വകയില്ലാതിരുന്ന ജനതയ്ക്ക് സ്വന്തം ജീവിതം ബലിയർപ്പിച്ച് അവകാശബോധം വളർത്തിയവരാണ് തില്ലങ്കേരിയിലെ ഉശിരരായ 12 സഖാക്കൾ; തില്ലങ്കേരി രക്തസാക്ഷികളുടെ ഓർമകൾ പുതുക്കി കെ കെ ശൈലജ ടീച്ചർ

തില്ലങ്കേരി രക്തസാക്ഷികളുടെ ഓർമകൾ പുതുക്കി കെ കെ ശൈലജ ടീച്ചർ . ടീച്ചറിന്റെ വാക്കുകൾ ഇങ്ങനെ; അവകാശ സമര പോരാട്ടങ്ങളിൽ എല്ലാ കാലത്തും ജ്വലിക്കുന്നൊരേടാണ് തില്ലങ്കേരി. സ്വാതന്ത്ര്യലബ്ദിക്ക് എട്ട് മാസങ്ങൾക്ക് ശേഷം നടന്ന നരനായാട്ട് ജന്മി മാടമ്പിമാരുടെ റാൻ മൂളികളായ കോൺഗ്രസ് ഭരണകൂടത്തിൻ്റെ നേതൃത്വത്തിലായിരുന്നു.
ജന്മിമാരുടെ പത്തായങ്ങളിൽ നെല്ല് നിറഞ്ഞ് കവിയുമ്പോൾ വിശേഷ ദിവസങ്ങളിൽ പോലും ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ നാട്ടിലാകെ ജനങ്ങൾ മരിച്ചുവീണു. 1948ലെ വിഷുദിനത്തിൽ സി അനന്തനും, സി ഗോപാലനും ഉൾപ്പെടെയുള്ള കർഷകസംഘം നേതാക്കളുടെ നേതൃത്വത്തിൽ ചെമ്പും കീഴിടം ജന്മിയുടെ മുന്നിലേക്ക് കർഷക ജനത മാർച്ച് ചെയ്തു. ഇടീക്കുണ്ട് വയലിലെത്തിയ മാർച്ചിന് നേരെ എംഎസ്പിക്കാർ നിറയൊഴിച്ചു.
സി അനന്തൻ, സി ഗോപാലൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, പോരുകണ്ടി കൃഷ്ണൻ, നമ്പാടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, കാറാട്ട് കുഞ്ഞമ്പു എന്നിങ്ങനെ ആറ് സഖാക്കൾ ഇടീക്കുണ്ട് വയലിലും വെള്ളുവക്കണ്ടി രാമൻ കാഞ്ഞിരാട്ടും എംഎസ്പിക്കാരുടെ വെടിവയ്പ്പിനെയും മർദ്ദനത്തെയും തുടർന്ന് പിടഞ്ഞ് വീണ് മരിച്ചു.
തുടർന്ന് 1950 ഫെബ്രുവരി 11 നടന്ന സേലം ജയിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഇരുപത്തിരണ്ട് പേരിൽ നക്കായി കണ്ണൻ, അമ്പാടി ആചാരി, കൊയിലോടൻ നാരായണൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ എന്നിങ്ങനെ 5 പേരും തില്ലങ്കേരിക്കാരായിരുന്നു. നീതിനിഷേധത്തിനെതിരായ പോരാട്ടങ്ങളിൽ എന്നും ജ്വലിച്ചുനിൽക്കുന്ന സമരങ്ങളിൽ മുൻപന്തിയിലാണ് തില്ലങ്കേരി.
ഉരിയരിക്ക് വകയില്ലാതിരുന്ന ജനതയ്ക്ക് സ്വന്തം ജീവിതം ബലിയർപ്പിച്ച് അവകാശബോധം വളർത്തിയവരാണ് തില്ലങ്കേരിയിലെ ഉശിരരായ 12 സഖാക്കൾ. പട്ടിണിയായ മനുഷ്യർക്ക് പോരാട്ടത്തിൻ്റെ കരുത്തും, പ്രതീക്ഷയും നൽകിയ തില്ലങ്കേരി രക്തസാക്ഷികളുടെ ഓർമകൾ കരുത്താക്കി അവകാശ നിഷേധങ്ങളുടെ പുതിയ കാലത്ത് നമുക്കൊരുമിച്ച് മുന്നോട്ട് നടക്കാം...
https://www.facebook.com/Malayalivartha
























