സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകം... നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമെന്ന് എഫ്‌ഐആര്‍; രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്; സംഘം ഉപയോഗിച്ച കാറുകളില്‍ ഒന്ന് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത്

പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എഫ്.ഐ.ആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെയാണ് രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു.
രണ്ട് കാറുകളിലായെത്തിയ സംഘമാണ് ബൈക്ക് ഇടിച്ച് വീഴ്ത്തി സുബൈറിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വവും ആരോപിച്ചു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച KL 11 AR 641 എന്ന വാഹനം നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പിതാവിനൊപ്പം പള്ളിയിലെത്തി ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ വീടെത്തുന്നതിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തിലാണ് കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയത്. ആദ്യത്തെ കാറിലുണ്ടായിരുന്നവര്‍ സുബൈറും പിതാവ് അബൂബക്കറും വീണതിന് പിന്നാലെ മുന്നോട്ട് നീങ്ങി.
രണ്ടാമത്തെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘമാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ കൊലയാളികള്‍ ആദ്യത്തെ കാറില്‍ രക്ഷപ്പെടുകയായിരുന്നു. കാര്‍ പഞ്ചറായതിനാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. സഞ്ജിത്തിന്റെ കൊലപാതകത്തിന് പകരം വീട്ടുകയായിരുന്നു ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് എസ്ഡിപിഐ നേതൃത്വം.
നാട്ടുകാര്‍ ചേര്‍ന്ന് സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികില്‍സയിലുള്ള പിതാവ് അബൂബക്കറിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ കൊലപാതകമുണ്ടായ സ്ഥലത്തെത്തി തെളിവെടുത്തു. കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ നേതൃത്വം പ്രകടനം നടത്തി.
കഴിഞ്ഞ നവംബര്‍ 15നാണ് ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പാലക്കാട് തൃശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്ത് വച്ചായിരുന്നു സംഭവം നടന്നത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha
























