ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം; ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്ത്തിയത് ഇങ്ങനെ, ഭയപ്പെടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് ആര്‍എസ്എസ് നേതാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെയാണ് ബൈക്കുകളിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നത്.
ഈ ദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും, മൂന്ന് ബൈക്കുകള്‍ എതിര്‍വശത്ത് നിന്ന് വരുകയും റോഡ് മുറിച്ച് കടന്ന ശേഷം ശ്രീനിവാസന്റെ കടയുടെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു. പിന്നാലെ ഒരാള്‍ ആദ്യം ഓടി കടയില്‍ കയറുന്നു. ശേഷം മറ്റ് രണ്ട് ബൈക്കിലേയും പിന്നിലിരുന്ന രണ്ടുപേരും കടയിലേക്ക് ഇരച്ചുകയറി. ആക്രമിക്കുകയാണ് ചെയ്യുന്നത്.
പാലക്കാട് ജില്ലയിലെ മേലാമുറിയിലുള്ള കടയില്‍ കയറിയാണ് ഇയാളെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. കേരളക്കരയെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയില്‍ നിന്ന് ഇന്നലെയും ഇന്നുമായി പുറത്ത് വന്നത്. വിഷുദിവസമായ ഏപ്രില്‍ 15ന് എസ്ഡിപിഐ നേതാവായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ശ്രീനിവാസനേയും കൊന്നിരിക്കുന്നത്. തികച്ചും രാഷ്ട്രീയ കൊലപാതകമാണ് പാലക്കാട് നടന്നിരിക്കുന്നത്.
ഇന്ന് ഉച്ചക്കായിരുന്നു ശ്രീനിവാസനെ അക്രമി സംഘം വെട്ടിയത്. തുടര്‍ന്ന ഗുരുതരമായി പരുക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ജില്ലയെ നടുക്കിക്കൊണ്ട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവിനെ വെട്ടിക്കൊന്നത്. കാറിലെത്തിയ സംഘമാണ് 43 കാരനായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിതാവായ അബൂബക്കറിന്റെ മുന്നില്‍വെച്ചാണ് സുബൈറിനെ അക്രമിസംഘം കൊലപ്പെടുത്തിയത്.
അച്ഛനും മകനും പള്ളിയില്‍നിന്ന് ബൈക്കില്‍ മടക്കയാത്ര ചെയ്യുമ്പോഴായിരുന്നു രണ്ട് കാറുകളിലായി എത്തിയ സംഘം ഇരുവരേയും ഇടിച്ച് വീഴ്ത്തി സുബൈറിനെ വെട്ടിവീഴ്ത്തിയത്. അബൂബെക്കറിനും വീഴ്ചയില്‍ പരുക്കേറ്റിരുന്നു.
ആക്രമണവും കൊലപാതകവും ബിജെപിയും ആര്‍എസ്എസ്സും ആസൂത്രിതമായി നടത്തിയതാണെന്ന് ഇന്നലെ എസ്ഡിപിഐ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി പാലക്കാട് ജില്ലയില്‍ നിന്ന് ഇപ്പോള്‍ വന്നിരിക്കുന്നത്. ശ്രീനിവാനസന്റേത് പകപോക്കലാണെന്ന ആരോപണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം അതിക്രൂരമായാണ് രണ്ടുപേരെയും അക്രമി സംഘം കൊന്നിരിക്കുന്നത്. സുബൈറിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഏകദേശം 50ല്‍ അധികം വെട്ടുകള്‍ സുബൈറിന്റെ ശരീരത്തില്‍ ഉണ്ടെന്നാണ് പറയുന്നത്. മാത്രമല്ല കഴുത്തിനും കൈക്കും കാലിനും ആഴത്തിലുള്ള മുറിവുകളും ഉണ്ട്.
ഇങ്ങനെ രക്തം വാര്‍ന്നാണ് സുബൈര്‍ മരണപ്പെട്ടത് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഏകദേശം നാല് മണിക്കൂറുകളാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി എടുത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മൂന്ന് ബൈക്കുകളിലെത്തിയ സംഘം വാള്‍ ഉപയോഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. മാത്രമല്ല പൊലീസ് സാന്നിധ്യമുള്ള മേഖലയില്‍ അക്രമം നടന്നത് ഗുരുതരസാഹചര്യമാണെന്നും പോലീസ് ഇക്കാര്യത്തില്‍ അശ്രദ്ധ കാണിച്ചെന്നും ബിജെപി ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം പാലക്കാട് മുന്നൂറോളം പൊലീസുകാരെ അധികമായി വിന്യസിക്കും. മൂന്ന് കമ്പനി സേന ഉടന്‍ ജില്ലയിലെത്തും. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെ പാലക്കാട് ക്യാംപ് ചെയ്യും. മാത്രമല്ല എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























