മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന... പ്രതികള്‍ സഞ്ചരിച്ച ഒരു ബൈക്കിന്റെ നമ്പര്‍ പോലീസിന് കിട്ടി, പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്

മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി വിവരം. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായത്.
ആറ് പേര്‍ മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്ന് പേര്‍ കടക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനാകുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പൊലീസും പ്രാഥമികമായി കരുതുന്നത്.
ഇന്ന് രാവിലെ 10 മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും.. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഭൗതിക ശരീരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും.
വിലാപയാത്രയായി പാലക്കാട് കണ്ണകി നഗറിലേക്കും തുടര്‍ന്ന് കണ്ണകിയമ്മന്‍ ഹൈസ്‌കൂളിലേക്കും പൊതുദര്‍ശനത്തിന് കൊണ്ടുപോകും. വൈകിട്ട് പാലക്കാട് കറുകോടി സ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
24 മണിക്കൂറിനിടയില്‍ ഉണ്ടായ രണ്ട് കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 20 വരെയാണ് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ.
അതേസമയം എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത് നേരത്തെ വെട്ടുകേസുകളില്‍ പ്രതികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ്. രണ്ടുവര്‍ഷംമുമ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പട്ടത്തലച്ചി സക്കീര്‍ ഹുസൈനെ ആക്രമിച്ച കേസിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവര്‍ നേരത്തെ സക്കീര്‍ ഹുസൈനെ വെട്ടിയകേസിലും പ്രതിയായിരുന്നുവെന്നാണ് വിവരം. ഒരുമാസംമുമ്പാണ് ഇവര്‍ക്ക് ജാമ്യം കിട്ടിയത്.
മാത്രവുമല്ല പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ നടന്ന രണ്ട് രാഷ്ടീയ കൊലപാതകങ്ങളുടെയും മേല്‍നോട്ടം എ.ഡി.ജി.പി. വിജയ് സാഖറേക്ക് നല്‍കി. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. എസ്.പി. കെ. വിശ്വനാഥ് അന്വേഷണത്തിന് നേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha

























