പോലീസ് പുപ്പുലിയായി... ഓണ്‍ലൈന്‍ വഴി സൗഹൃദത്തിലായി വിവാഹം വരെ ആലോചിച്ച നൈജീരിയന്‍ യുവാവ് ആലപ്പുഴക്കാരിയില്‍ നിന്നും തട്ടിയെടുത്തത് 10 ലക്ഷം; സൈബര്‍ പോലീസിന്റെ സാഹസിക ഇടപെടലിലൂടെ നോയിഡയില്‍ നിന്ന് എനുക അരിന്‍സിയെ അറസ്റ്റ് ചെയ്തു

ഓണ്‍ലൈന്‍ ചാറ്റുകള്‍ പലപ്പോഴും ഗുലുമാലും പണം തട്ടിപ്പുമായി മാറാറുണ്ട്. പലരും നാണക്കേട് കാരണം പുറത്ത് പറയുന്നില്ലെന്നേയുള്ളു. ഇപ്പോഴിതാ ആലപ്പുഴയില്‍ നിന്നും ചാറ്റിംഗിലൂടെ ചിറ്റിംഗായ ഒരു യുവതിയുടെ കഥ പുറത്ത് വരികയാണ്. യുഎസില്‍ പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയില്‍ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ യുവാവ് അറസ്റ്റില്‍. എനുക അരിന്‍സി (36) ആണ് ആലപ്പുഴ സൈബര്‍ പോലീസിന്റെ സാഹസിക ഇടപെടലിലൂടെ നോയിഡയില്‍നിന്ന് അറസ്റ്റിലായത്.
പ്രതിയെ ആലപ്പുഴയിലെത്തിച്ചു. മുന്‍പ് വിദേശത്തു ജോലിചെയ്തിരുന്ന യുവതിയുമായി നൈജീരിയന്‍ യുവാവ് ഡേറ്റിങ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് പരിചയപ്പെട്ടത്. അമേരിക്കയില്‍ പൈലറ്റാണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും വിശ്വസിപ്പിച്ചു. പിന്നീട് വാട്‌സാപ്പിലൂടെ നിരന്തരം ചാറ്റുചെയ്ത് സൗഹൃദം സ്ഥാപിച്ചു. പിന്നീട്, താന്‍ ഇന്ത്യയിലെത്തിയെന്നും യുവതിക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ടെന്നും നൈജീരിയന്‍ യുവാവ് വിളിച്ചറിയിച്ചു.
നെജീരിയക്കാരന്റെ പത്രാസ് കണ്ടപ്പോള്‍ യുവതി ശരിക്കും വിശ്വസിച്ചുപോയി. പല ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ രൂപ ആവശ്യമുണ്ടെന്നു പറഞ്ഞാണ് പലപ്പോഴായി പത്തുലക്ഷം രൂപ തട്ടിയെടുത്തത്. വിമാനത്താവളത്തില്‍ കൊണ്ടുവന്ന സമ്മാനപ്പൊതി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അതു വിട്ടുകിട്ടാനായി പണം വേണമെന്നും ആവശ്യപ്പെട്ടു. അതിനായി 11 ലക്ഷം രൂപയെടുക്കാന്‍ യുവതി ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ക്കു സംശയംതോന്നി.
ഇത്രയും വലിയ തുക എന്തിന് പിന്‍വലിക്കുന്നെന്ന ചോദ്യങ്ങളാണ് നായകനെ കുടുക്കുന്നതിലേക്കാ കാര്യങ്ങള്‍ പോയത്. യുവതിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചശേഷം ബാങ്ക് അധികൃതര്‍ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോള്‍ അങ്ങനെയൊരു തടഞ്ഞുവെക്കലില്ലെന്നും നൈജീരിയന്‍ യുവാവ് എത്തിയിട്ടില്ലെന്നും മറുപടി ലഭിച്ചു. ഇതേത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അതിനിടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. അക്കൗണ്ട് ലൈവായി നിലനിര്‍ത്തി സൈബര്‍സംഘം ഇയാളെ പിന്തുടര്‍ന്നപ്പോഴാണ് നോയിഡയിലാണെന്നു തിരിച്ചറിഞ്ഞത്. പോലീസ് ഉടന്‍ അവിടേക്കു പോയി. പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി, താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്നു ചാടി ഗ്രേറ്റര്‍ നോയിഡയിലെ കാറില്‍ രക്ഷപ്പെട്ടു.
അതിനിടെ നോയിഡ സ്വദേശിയായ സഹായിയെ പൊലീസ് പിടികൂടി. ഇതിനിടെ പ്രതി സഹായിയുടെ ഫോണില്‍ വിളിച്ച് ഒരു എടിഎം കൗണ്ടറിനു മുന്നില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതു പൊലീസിന് സഹായമായി. ഇവിടെയെത്തിയപ്പോള്‍ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി 6 വരിപ്പാതയിലേക്കു ചാടി ഒരു കിലോമീറ്ററോളം ഓടി. പൊലീസ് പിന്തുടര്‍ന്നു. ഓടുന്നതിനിടെ പ്രതിയുടെ ഷൂ ഊരിത്തെറിച്ചു. ഉച്ചവെയിലില്‍ ചൂടുമൂലം കാല്‍ റോഡില്‍ കുത്താനാകാതെ വന്നതോടെ പ്രതിയെ പിടികൂടി.
പിടികൂടി കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ യഥാര്‍ത്ഥ വിവരം പുറത്തായത്. പ്രതിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നൈജീരിയന്‍സംഘം ഉള്‍പ്പെടുന്ന റാക്കറ്റ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലും ബന്ധമുള്ളതാണ് ഈ റാക്കറ്റ്.
ആയിരക്കണക്കിനു സിം കാര്‍ഡ് പരിശോധിച്ചും ലക്ഷക്കണക്കിനുപേരുടെ കോള്‍ ഡീറ്റെയ്ല്‍സ് ശേഖരിച്ചുമാണ് പ്രതിയിലേക്കെത്തിയത്. ഘാന സ്വദേശിയായ ഭാര്യയും 2 മക്കളുമായി ഫ്‌ളാാറ്റില്‍ താമസിക്കുകയാണ് എനുക എന്നും ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം സ്വീകരിച്ച്, അപ്പോള്‍ത്തന്നെ തുക നൈജീരിയന്‍ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു പൈലറ്റിന്റെ പ്രധാന തൊഴില്‍.
"
https://www.facebook.com/Malayalivartha
























