സസ്‌പെന്‍ഷന് പിന്നാലെ ജോലി രാജിവെച്ച് രേഷ്മ, കേസിന്റെ പശ്ചാത്തലത്തിൽ സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണ് സസ്‌പെന്‍ഷനെന്ന് സ്കൂൾ അധികൃതർ, ഏറെ നാളായി തലശേരി അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായി പ്രവർത്തിച്ച് വരുകയായിരുന്ന രേഷ്മ ഇംഗ്ലീഷ് ഇന്‍സ്ട്രക്ടറായിരുന്നു...!

പുന്നോല്‍ കെ.ഹരിദാസന്‍ വധക്കേസിലെ പ്രതിക്ക് വാടക വീട് നല്‍കിയതില്‍ അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃത വിദ്യാലയത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നാലെ അവർ ജോലി രാജി വെച്ചു. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നും കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.
അതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവെച്ചെന്ന് രേഷ്മ അറിയിച്ചത്. ഏറെ നാളായി ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. ഇവിടെ ഇംഗ്ലീഷ് ഇന്‍സ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ ദാസിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ രേഷ്മയെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്.കേസില്‍, രേഷ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെ, പൊലീസ് മാനുഷിക പരിഗണന നല്‍കിയില്ലെന്നും സിപിഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
സി പി ഐ എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെയാണ് രേഷ്മയ്ക്കെതിരെ സൈബർ ആക്രമണമുണ്ടായത്.അതേസമയം, രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിയാണെന്നും ഇവർക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചിരുന്നു.
പ്രതിയെ ഒളിപ്പിക്കാൻ ഒത്താശ ചെയ്തത് ബിജെപിയാണ്. രേഷ്മയെ ജയിലിൽ നിന്ന് സ്വീകരിക്കാനെത്തിയതും ബിജെപിക്കാർ തന്നെ. നിജിൻ ദാസ് കൊലക്കേസ് പ്രതിയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാമായിരുന്നു. ഒന്നാംപ്രതി ലിജേഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ഇതിൽ എല്ലാവരും ബിജെപിക്കാരും അനുഭാവികളുമാണ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വസ്തുതയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുൻപ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവർത്തിക്കുന്നത്. ജയിലിൽ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗൺസിലർ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകും. ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























