ഒരിക്കല്‍ നാക്ക് ചതിച്ചു അന്നുമുതല്‍ പാര്‍ട്ടിക്ക് ശത്രു എന്നിട്ടും ശശി പിണറായിക്ക് വിശ്വസ്ഥനാകുന്നതിങ്ങനെ..ശശി കേരളത്തില്‍ ഒരു വലിയ ചര്‍ച്ചയാകുമ്പോള്‍

പി ശശി എന്തുകൊണ്ട് പിണറായിക്ക് പ്രീയങ്കരനാകുന്നു. വിഎസ് അച്യുതാനന്ദന് അപ്രിയന്‍ പിണറായിക്ക് പ്രീയന്‍ അതാണല്ലോ കീഴ് വഴക്കം. അത് ഒരു പ്രധാന കാരണമായി നമുക്ക് കണക്കാക്കാം. മറ്റൊന്ന് ആരോപണങ്ങളില്‍ പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തായാല്‍ അതിനു ശേഷം അവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ അവന്‍ പാര്‍ട്ടിക്ക് ഏറെ പ്രിയന്‍ തിരികെ എത്തിയാല്‍ ഉയര്‍ന്ന പദവി നല്‍കി സ്വീകരിക്കുന്ന കീഴ്വഴക്കം അത് വീണ്ടും ആവര്‍ത്തിച്ചു എന്നു മാത്രം.
ശശി പാര്‍ട്ടിക്ക് എതിരെ തെറ്റ് ചെയ്തിട്ടില്ല. തെറ്റ് പാര്‍ട്ടിക്കെതിരെയല്ലെങ്കില്‍, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവര്‍ത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാര്‍ട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കില്‍ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാര്‍ട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാര്‍ഗത്തിലൂടെ തിരിച്ചെത്തിയവരാണു ഗോപി കോട്ടമുറിക്കലും പി.ശശിയുമെല്ലാം. സദാചാര വിരുദ്ധ ആരോപണങ്ങളില്‍ ശശി പാര്‍ട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാര്‍ട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയില്‍നിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കല്‍ മാത്രമാണു ശശിയുടെ നാവ് ഒരു പാര്‍ട്ടി നേതാവിനെതിരെ പരസ്യമായി ഉയര്‍ന്നത്. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരിക്കേ കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ സൂര്യനെല്ലിക്കേസില്‍ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസില്‍ വിഎസിന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കു പാര്‍ട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാല്‍, അതു പാര്‍ട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല. വി.എസിന് ഇന്നും ചതുര്‍ത്ഥിയാണ് ശശി. പക്ഷേ ദുര്‍ബലനായ വി.എസിനെ ആ രും കണക്കിലെടുക്കുന്നില്ല.
ഏഴു വര്‍ഷം പാര്‍ട്ടിക്കു പുറത്തു നിന്നപ്പോഴും പാര്‍ട്ടിച്ചുമതലകളുള്ള നേതാക്കളെക്കാള്‍ ആത്മാര്‍ഥതയോടെ ശശി പ്രവര്‍ത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്‌ഐക്കാരുടെ പെറ്റിക്കേസുകള്‍ മുതല്‍, ടിപി വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും ഉള്‍പ്പെട്ട പ്രതികളുടെ കേസുകള്‍ വരെ ശശി വാദിച്ചു. പാര്‍ട്ടി അംഗമല്ലാതിരിക്കുമ്പോഴും പാര്‍ട്ടി ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാര്‍ട്ടി വൃത്തത്തിനുള്ളില്‍നിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല.
ചില നേതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടാകുമെന്ന ബോധ്യത്തോടെ തന്നെയാണു ശശിയെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പാര്‍ട്ടി ആനയിക്കുന്നത്. അതിനുള്ള പ്രധാന കാരണം അധികാര കേന്ദ്രങ്ങളില്‍ കാര്യദര്‍ശിയുടെ വേഷം നന്നായി കൈകാര്യം ചെയ്തുള്ള ശശിയുടെ മിടുക്കാണ്. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി മാത്രമായിരുന്നില്ല പി.ശശി. പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ഹംസയുടെ പ്രൈവറ്റ് സെക്രട്ടറി, കണ്ണൂര്‍ ദേശാഭിമാനി മാനേജര്‍, റെയ്ഡ്‌കോ ചെയര്‍മാന്‍... സംഘടനാച്ചുമതലയിലല്ല, അധികാര കേന്ദ്രങ്ങളിലാണു ശശിയെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനാവുകയെന്നു പിണറായി വിജയനു നന്നായറിയാം. ഈ പദവികളിലേക്കെല്ലാം ശശിയെ കൈ പിടിച്ചതു പിണറായി നേരിട്ടാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഏറ്റവുമധികം പഴി കേള്‍ക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പേരിലായതിനാല്‍, നായനാരുടെ കാലത്തു പൊലീസിനെ നിയന്ത്രിച്ചു നിര്‍ത്തിയ ശശിയുടെ ചാതുര്യം പിണറായി ആഗ്രഹിക്കുന്നു. അതിന്റെ തുടക്കമാണ് ശ്രീജിത്തില്‍ കണ്ടത്.
ശശിക്കെതിരെ സദാചാരവിരുദ്ധ പരാതി പാര്‍ട്ടിയില്‍ ഉന്നയിച്ചതു രണ്ടുപേരാണ്. ഡിവൈഎഫ്‌ഐയുടെ അന്നത്തെ ജില്ലാ നേതാവും അന്നത്തെ പാര്‍ട്ടി എംഎല്‍എയും. സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ഓഫിസിലെ പ്രധാനിയായി ശശി എത്തുമ്പോള്‍, രണ്ടു പരാതിക്കാരും ഇന്നെവിടെയാണ്? മറ്റു പല കാരണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു തരംതാഴ്ത്തപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് പിന്നീട് പുറത്തായി. സിപിഎമ്മിന്റെ കണ്ണിലെ കരടായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അടുത്ത അനുയായിയാണിപ്പോള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധാകരനു വേണ്ടി തിരഞ്ഞെടുപ്പു തന്ത്രങ്ങളൊരുക്കി. ഇപ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സുധാകരന്റെ സഹായി. മുന്‍ എംഎല്‍എയും മറ്റു കാരണങ്ങളാല്‍ നടപടി നേരിട്ടു തരംതാഴ്ത്തപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തനം വിട്ട്, കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിനു പുറത്താണ് അദ്ദേഹമിപ്പോള്‍. പരാതി നല്‍കിയതിനു പാര്‍ട്ടിയുടെ പകയായാണു പാര്‍ട്ടിക്കാര്‍പോലും ഇതിനെ കാണുന്നത്. പാര്‍ട്ടി മാത്രമല്ല, കോടതിയും ശശിയെ കുറ്റവിമുക്തനാക്കിയിരുന്നു എന്നതു വേറെ കാര്യം. 2016ല്‍ ഹോസ്ദുര്‍ഗ് കോടതിയാണു ലൈംഗികാരോപണ പരാതിയില്‍ ശശിയെ കുറ്റവിമുക്തനാക്കിയത്.
വ്യക്തിപരമായ ആരോപണങ്ങളെ മറികടക്കാന്‍ ശശിക്കു മുന്‍പിലുള്ള മാര്‍ഗം പ്രവര്‍ത്തിച്ചു കഴിവു തെളിയിക്കുകയെന്നതാണ്. ശശിയെ നിയമിച്ചതിന്റെ പേരിലുള്ള പഴി മാറാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അത് ഏറെ ആവശ്യവുമാണ്. തന്റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ശ്രീജിത്ത് ആരുമായി ഉടക്കുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. പണ്ട് പി.കെ കുഞ്ഞാലിക്കുട്ടിയുമുണ്ടായ ഉടക്ക് പോലും അദ്ദേഹം തീര്‍ത്തു. അതു കൊണ്ടു തന്നെ ശശിയുമായി രമ്യതയില്‍ പോകാനായിരിക്കും ശ്രീജിത്ത് ശ്രമിക്കുക.
സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ശ്രീജിത്ത് പറഞ്ഞു.. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണം പൂര്‍വാധികം ശക്തമായി തന്നെ മുന്നോട്ട് പോകും.
എസ്. ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകള്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കിയതും കോടതി വിമര്‍ശനങ്ങളുമാണ് അദ്ദേഹത്തിന് വിനയായത്. ഒരിക്കലും കോടതിയെ പിണക്കാന്‍ പിണറായി ശ്രമിക്കില്ല. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്താണ് എസ് ശ്രീജിത്തെന്നും കേസിന് പിറകില്‍ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും പരാതിയുണ്ട്.
നടിയെ ആക്രമിച്ചതിന്റെ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത് 40 ദിവസം മാത്രമാണ്. പുതിയ മേധാവിയെത്തി കേസിന്റെ നാള്‍ വഴികള്‍ ബോധ്യപ്പെട്ടതിന് ശേഷമേ അന്വേഷണസംഘത്തിന് ഇനി മുന്നോട്ടുപോകാന്‍ കഴിയൂ. കാവ്യയുടെ ചോദ്യം ചെയ്യല്‍, അഭിഭാഷകരുടെ ചോദ്യം ചെയ്യല്‍ അടക്കമുളള കാര്യങ്ങളില്‍ ഇനി പുതിയ മേധാവിയുടെ തീ!രുമാനവും നിര്‍ണായകമാവും. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മുന്‍ പൊലീസ് മേധാവിക്കെതിരെ നടത്തിയ ഇടപെടലുകളില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രീജിത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേ സമയം പ്രമാദമായ പല കേസുകളുടെയും തുടക്കത്തില്‍ എസ്.ശ്രീജിത്ത് കാണിക്കുന്ന ആവേശം തുടര്‍ന്നുണ്ടാകുന്നില്ലെന്ന പരാതിയും ആഭ്യന്തരവകുപ്പിനുണ്ട്. ഏതായാലും എല്ലാവരെയും ശശി ഒരു പാഠം പഠിപ്പിക്കും.
https://www.facebook.com/Malayalivartha

























