ട്വിസ്റ്റോട് ട്വിസ്റ്റ്... പിസി ജോര്‍ജിനെ അറസ്‌റ് ചെയ്‌തെങ്കിലും വന്നത് സ്വന്തം കാറില്‍; വിദ്വേഷ പ്രസംഗ വിവാദത്തില്‍ പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി; പോലീസ് ജീപ്പില്‍ കയറാന്‍ മടിച്ച പിസി ജോര്‍ജ് പോയത് സ്വന്തം കാറില്‍

വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് ഈരാറ്റുപേട്ടയിലെത്തി പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പി സി ജോര്‍ജിനെ പൊലീസ് സംഘം ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയാണ്. പി സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
വിദ്വേഷപ്രസംഗ വിവാദത്തില്‍ പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയാണ്. പോലീസ് ജീപ്പില്‍ കയറാന്‍ മടിച്ച പിസി ജോര്‍ജ് ശക്തമായി വാദിച്ചു. പോലീസ് കടുത്ത നിലപാട് സ്വീകരിച്ചതോടെ സ്വന്തം കാറല്‍ വരാമെന്നായി. മുന്‍ എംഎല്‍എ എന്ന പരിഗണന നല്‍കി പിസിയുടെ ആവശ്യത്തിന് വഴങ്ങി. പിസിയെ തിരുവനന്തപുരത്ത് കൊണ്ടുവരുന്നത് വന്‍ പോലീസ് സുരക്ഷയിലാണ്.
തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിന് അടിസ്ഥാനം. മുസ്ലിം വിഭാഗത്തെ ആക്ഷപിക്കുന്നതാണ് പ്രസംഗമെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ ഡി.ജി.പി അനില്‍കാന്തിന് പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി യൂത്ത് ലീഗ് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഹരിദ്വാര്‍ മോഡല്‍ പ്രസംഗമാണ് പി.സി ജോര്‍ജ്ജ് നടത്തിയതെന്നായിരുന്നു യൂത്ത് ലീഗിന്റെ പരാതി. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു. ലീഗ് നേതാവ് കെപിഎ മജീദും പി.സി ജോര്‍ജ്ജിനെതിരെ രംഗത്തെത്തിയിരുന്നു.
ഹിന്ദു, മുസ്ലീം, ക്രൈസ്തവ സഹോദരങ്ങള്‍ ഒരുമിച്ച് മതേതര കേരളം കെട്ടിപ്പടുത്തുവെന്നും പിസി ജോര്‍ജ്ജിന്റെ ശ്രമം തെളിനീരില്‍ നഞ്ഞു കലക്കി മീന്‍ പിടിക്കാനാണെന്നുമായിരുന്നു കെപിഎ മജീദിന്റെ വിമര്‍ശനം. വര്‍ഗീയത ആളിക്കത്തിക്കാന്‍ ആണ് ജോര്‍ജ് ശ്രമിക്കുന്നതെന്നും മുന്‍കൂട്ടി തീരുമാനിച്ച പ്രസ്താവനയാണ് നടത്തിയതെന്നും ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.
പരാതികളെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ടിപ്പു തികഞ്ഞ വര്‍ഗീയവാദിയാണെന്നും മുസ്ലീങ്ങള്‍ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്നും ഉള്‍പ്പെടെയുളളവയും പി.സി ജോര്‍ജ്ജ് തുറന്നടിച്ചിരുന്നു. തന്റെ പ്രസ്താവനകളുടെ പേരില്‍ ആരെങ്കിലും തൂക്കിക്കൊല്ലാന്‍ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോര്‍ജ്ജ് വെല്ലുവിളിച്ചിരുന്നു.
പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം പറഞ്ഞു. സാധാരണ വിടുവായത്തമായി ഇതിനെ തള്ളിക്കളയാനാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പി.സി. ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ച് കേരളത്തോട് മാപ്പു പറയണമെന്നും സി.പി.എം. ആവശ്യപ്പെടുന്നു.
മനുഷ്യസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറയുന്നത്.
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയവാദികളും ബോധപൂര്‍വമായ പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തുവന്നത്. അതിനാല്‍ത്തന്നെ ഇതിനെ അദ്ദേഹത്തിന്റെ സാധാരണ വിടുവായത്തങ്ങളായി തള്ളിക്കളയാനാകില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കേരളീയ സമൂഹത്തോട് മാപ്പു പറയണം എന്നാണ് സി.പി.എമ്മിന്റെ ആവശ്യം.
https://www.facebook.com/Malayalivartha
























