കെജ്രിവാള്‍ പറന്നെത്തും... അടികൂടാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിപിഎം സ്ഥാനാര്‍ത്ഥിയുടെ പേര് ചാനലുകാര്‍ പുറത്ത് വിട്ടതോടെ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ചുവരെഴുത്ത് കണ്ടുപിടിച്ച ഏഷ്യാനെറ്റ് ഇപിയെ നാണം കെടുത്തി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല രാഷ്ട്രീയ നാടകങ്ങളും അരങ്ങേറുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായി ചുമരെഴുത്ത് തുടങ്ങിയെങ്കിലും ഏഷ്യാനെറ്റ് കണ്ടുപിടിച്ചതോടെ മായിച്ചു കളഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാറാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നു കരുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പ്രചരണമാണ് നടത്തിയത്. സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വെളിപ്പെടുത്തിയതോടെ ആശയക്കുഴപ്പവും ആകാംക്ഷയുമേറി. ചാനലുകാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടന്നായി ഇപി പറഞ്ഞു. ഇതോടെ ചുവരെഴുത്ത് നടത്തിയെങ്കിലും വൈകിട്ടോടെ ഇതു നിര്‍ത്തിവയ്ക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. ചിലയിടങ്ങളില്‍ ചുവരെഴുത്തു മായ്ച്ചു.
പാര്‍ട്ടി പ്രഖ്യാപിക്കുംമുന്‍പു സ്ഥാനാര്‍ഥിക്കുവേണ്ടി ചുവരെഴുതുന്നതും പിന്നാലെ മായ്ക്കുന്നതും സിപിഎമ്മില്‍ പുതുമയാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയായ അരുണ്‍കുമാര്‍ ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകനുമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്നലെ ചേര്‍ന്നെങ്കിലും ഒറ്റപ്പേരിലേക്ക് എത്തിയതായി സൂചനയില്ല.
ഇതിനിടയിലാണ് അരുണ്‍ കുമാറെന്ന രീതിയില്‍ പ്രചരണമുണ്ടായത്. എന്നാല്‍ അരുണ്‍ കുമാര്‍ ഉമ തോമസിനെതിരായി വിജയിക്കില്ലെന്ന ചര്‍ച്ചയും വന്നു. കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യവും വന്നു. അപ്രതീക്ഷിത സ്ഥാനാര്‍ഥി വന്നേക്കുമെന്നും അഭ്യൂഹമുണ്ട്.
ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെ ടിവി ചാനലുകളില്‍ അരുണ്‍കുമാറിന്റെ പേരു വന്നതോടെ ഞങ്ങള്‍ തീരുമാനിക്കാത്ത സ്ഥാനാര്‍ഥിയെ നിങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് ഇ.പി.ജയരാജന്‍ പരാതിപ്പെട്ടു. ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. അവിടെ സ്ഥാനാര്‍ഥിയുടെ പേരു തീരുമാനിച്ചശേഷം ജില്ലയിലെ ഇടതു മുന്നണിയിലും മണ്ഡലം കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്യാനാണു സാധ്യത. എന്നിട്ടാകും പ്രഖ്യാപനം.
സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അരുണ്‍കുമാറിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവ ഫോര്‍വേഡ് ചെയ്യരുതെന്നു പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ട് അണികള്‍ തെറ്റിദ്ധരിച്ചതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു.
ഇതിനിടെ, യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പ്രചാരണം സജീവമാക്കി. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിറ്റേന്നു തന്നെ മുന്നണികള്‍ കളത്തിലിറങ്ങിയതോടെ രാഷ്ട്രീയച്ചൂട് ഉയര്‍ന്നു തുടങ്ങി. സിറ്റിങ് എംഎല്‍എ അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച യുഡിഎഫ് ഒരു ചുവടു മുന്നില്‍ വച്ചു. പ്രഖ്യാപനം വന്നാല്‍ മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയാകുമെന്ന കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടിയും ട്വന്റി20യും സഹകരിക്കുമെന്ന പ്രഖ്യാപനം മറ്റു മുന്നണികള്‍ക്കു മുന്നറിയിപ്പായി. തൃക്കാക്കരയില്‍നിന്നു തുടര്‍ച്ചയായ രണ്ടാം ജയം നേടിയ പി.ടി.തോമസ് 2021 ഡിസംബര്‍ 21ന് വിട പറഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാകും തൃക്കാക്കരയിലേത്. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണു തൃക്കാക്കര എന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍, 99 സീറ്റുള്ള എല്‍ഡിഎഫ് സെഞ്ചറി തികയ്ക്കുമെന്നു സിപിഎം തിരിച്ചടിച്ചു.
ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്‍ തുടങ്ങിയ പേരുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പി.സി.ജോര്‍ജിന്റെ പേര് അഭ്യൂഹങ്ങളിലുണ്ട്. ട്വന്റി20 ആം ആദ്മി പാര്‍ട്ടി സഖ്യം ഉറപ്പിച്ചെങ്കിലും ഇരുപാര്‍ട്ടികളും ലയിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു സ്ഥിരീകരണമില്ല. അരവിന്ദ് കേജ്‌രിവാള്‍ വൈകാതെ കേരളത്തിലെത്തും.
"
https://www.facebook.com/Malayalivartha























