ആരോപണങ്ങള്‍ വ്യാജം... തൃക്കാക്കര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറയുന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് ആണ്. സ്ഥാനാര്‍ത്ഥി ജോ ജോസഫ് ആണെന്ന വാര്‍ത്ത പുറത്തുവന്നതോടെ പല വിവാദ പരാമര്‍ശങ്ങളും തലപൊക്കിയിട്ടുണ്ട്. എന്നാല്‍ പരാമര്‍ശങ്ങള്‍ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പ്രതികരിച്ചിരിക്കുകയാണ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്.
ഇന്ന് രാവിലെയാണ് താനും ഇക്കാര്യം അറിയുന്നതെന്നും ഒരു ഇടതുസഹയാത്രികനെന്ന നിലയില്‍ ഇടതുപക്ഷവുമായി ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ സ്ഥാനാര്‍ത്ഥിത്വം എന്ന് കരുതുന്നതായി ജോ ജോസഫ് വ്യക്തമാക്കി. കൊടി പിടിക്കുന്നത് മാത്രമല്ല രാഷ്ട്രീയമെന്നും ജീവിതത്തില്‍ ഉടനീളം ഇടതുപക്ഷക്കാരനായിരുന്ന താന്‍ ചെറുപ്പത്തില്‍ പിതാവിനൊപ്പം പാര്‍ട്ടിക്കു വേണ്ടി ചുവരെഴുത്ത് നടത്തിയിട്ടുണ്ടെന്നും ജോ ജോസഫ് പറയുന്നു.
അതേസമയം ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം സഭയുടെ ഇടപെടലിനെ തുടര്‍ന്ന് ലഭിച്ചതാണെന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകള്‍ ഏതെങ്കിലും തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ഇടപെട്ടതായി അറിയില്ലെന്നും താന്‍ പഠിച്ചതും ജോലി ചെയ്യുന്നതും സഭയുടെ സ്ഥാപനങ്ങളിലാണെങ്കിലും താന്‍ സഭയുടെ നോമിനിയാണെന്ന് അതുകൊണ്ട് കരുതാനാവില്ലെന്നും ജോ ജോസഫ് പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി സഭ ഇടപെട്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്കാലവും ഇടതുപക്ഷമായി നില്‍ക്കുകയും അവരുടെ പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ചയാളാണ് താന്‍. കഴിഞ്ഞ തൃക്കാക്കര തിരഞ്ഞെടുപ്പിലും പ്രചാരണത്തിനായി പോകുകയും യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയാവാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാ മനുഷ്യരുടേയും ആകുലതകളെ അറിയുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം ജോ ജോസഫ് പറഞ്ഞു.
എല്‍.ഡി.എഫ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ഇ.പി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയില്‍ വന്‍വിജയമുണ്ടാകുമെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കി. യു.ഡി.എഫ് ദുര്‍ബലപ്പെടുകയാണ്. നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം ആശയക്കുഴപ്പത്തിലായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയോ സ്വതന്ത്രനോ എന്നതില്‍ സിപിഎമ്മിനുള്ളില്‍ അഭിപ്രായ വ്യത്യാസമുയര്‍ന്നതായാണ് വിവരം. അഡ്വ. കെ എസ് അരുണ്‍ കുമാറിന് വേണ്ടി ഒരു വിഭാഗം നേതാക്കള്‍ വാദിക്കുമ്പോള്‍ മണ്ഡലത്തില്‍ പൊതു സ്വതന്ത്രനാകും നല്ലതെന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗം ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha