ഷവര്‍മ ഭക്ഷ്യവിഷബാധ... എഡിഎം ജില്ലാ കലക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചെറുവത്തൂരിലെ ഷവര്‍മ ഭക്ഷ്യവിഷബാധയില്‍ എഡിഎം ജില്ലാ കലക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചതും ഭക്ഷ്യസുരക്ഷാ ആരോഗ്യവിഭാഗങ്ങള്‍ കൃത്യമായ സമയങ്ങളില്‍ നടത്തേണ്ട പരിശോധനകളുടെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവര്‍മ വിറ്റ ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ലൈസന്‍സ് കാലാവധി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തിച്ചിരുന്നു. അതിനിടെ, വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം 13 ആയി കുറഞ്ഞു. ഇന്നലെ 21 പേരാണ് ആശുപത്രി വിട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഡിയല്‍ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.
വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കര്‍ശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവര്‍മ ഉണ്ടാക്കിയ ഐഡിയല്‍ ഫുഡ് പോയിന്റിന്റെ മാരുതി ഒമ്‌നി വാന്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സ്ഥാപനത്തിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്ഥലത്താണ് വാന്‍ കത്തിയത്. ചന്തേര പൊലീസ് എത്തി വാഹനം സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha