ഞാന്‍ ഇക്കായുമല്ല കാക്കായുമല്ല... ആഘോഷപൂര്‍വം അറസ്റ്റ് ചെയ്ത നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപിയ്ക്ക് ജാമ്യം; താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത്; ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണ്; എന്നെ ആരും 'ഇക്കാ' എന്നു വിളിക്കാറില്ല, ദൃശ്യങ്ങളുമില്ല

പിസി ജോര്‍ജിനെ കൊച്ചുവെളുപ്പാന്‍ കാലത്ത് ആഘോഷപൂര്‍വം അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചതു പോലെയായി നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി എന്ന് വിശേഷിക്കപ്പെട്ട ദിലീപിന്റെ സുഹൃത്തായ ശരത് ജി. നായറുടെ അറസ്റ്റും ജാമ്യവും. ശരത്തിനെ അറസ്റ്റ് ചെയ്തതോടെ ചാനലുകള്‍ ആഘോഷിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി അറസ്റ്റിലായി എന്ന തരത്തില്‍ വലിയ വാര്‍ത്തയാണ് വന്നത്.
എന്നാല്‍ വാര്‍ത്ത ചൂടാറും മുമ്പേ അടുത്ത വാര്‍ത്തയും വന്നു. നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണ്. അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ല. തെളിവ് നശിപ്പിച്ചത് തെറ്റായ ആരോപണമാണെന്നും ശരത് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ഥ്യമൊന്നുമില്ലെന്ന് ശരത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശരത്തിനെ കുറച്ച് കഴിഞ്ഞപ്പോള്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി ശരത് രംഗത്തെത്തിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒന്നും തനിക്കു കിട്ടിയിട്ടില്ലെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയ ശരത്തിന്റെ അറസ്റ്റ് രാത്രി എട്ടു മണിയോടെയാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ പിസി ജോര്‍ജ് കേസ് പോലെ ശരത്തിനും ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കേസില്‍ ഞാന്‍ നിരപരാധിയാണെന്ന വിവരം അന്വേഷണ സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം ഞാന്‍ അംഗീകരിക്കണമെന്ന് ഇല്ലല്ലോ. എന്റെ ഭാഗം ഞാന്‍ കൃത്യമായി അവരെ അറിയിച്ചിട്ടുണ്ട്. പൊലീസുകാര്‍ വളരെ മാന്യമായാണ് എന്നോടു പെരുമാറിയതെന്നും ശരത് പറഞ്ഞു.
തെളിവു നശിപ്പിച്ചു എന്നു പറയാന്‍ ഈ പറയുന്ന ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഞാനത് കണ്ടിട്ടുമില്ല. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നെ 'ഇക്കാ' എന്നാണ് വിളിക്കുന്നത് എന്നെല്ലാം ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അത് ശരിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം.
എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല. കൂടുതലൊന്നും പറയാനില്ലെന്നും ശരത് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ തെളിവുകളും നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. അറസ്റ്റ്.
ഇന്നലെ രാവിലെ സ്വന്തം വാഹനത്തിലാണ് ശരത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. എസ്പി മോഹന ചന്ദ്രന്റെയും ഡിവൈഎസ്പി. ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ആലുവ സ്വദേശിയായ ശരത്. മുന്‍പ് ദിലീപ് അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന ആളുമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ വീട്ടില്‍ എത്തിയ 'വിഐപി' എന്ന് വിശേഷിപ്പിച്ച വ്യക്തിയും ശരത്താണ്. ശരത്ത് പുത്തിറങ്ങിയത് ക്രൈംബ്രാഞ്ചിന് ക്ഷീണമായി.
"
https://www.facebook.com/Malayalivartha