ഒന്നുതണുത്തെങ്കിലും... കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് പോലെ മഴ കേരളത്തെ കാര്യമായ ബാധിച്ചില്ല; ചൂടില്‍ നിന്നും ആശ്വാസമായി വേനല്‍ മഴ; കേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും

മുമ്പത്തെ അനുഭവമുള്ളതിനാല്‍ കേന്ദ്രം നല്‍കിയ ചെറിയ കാലാവസ്ഥാ മുന്നറിയിപ്പ് പോലും കേരളം കരുതലോടെയെടുത്തു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മുന്‍കരുതലുകളെടുത്തു. എന്നാല്‍ മഴ കാര്യമായി ബാധിച്ചില്ല. ഇന്നലത്തെ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു. ചൂടിന് ഏറെ ആശ്വാസമായി ഈ വേനല്‍മഴ.
അതേസമയം സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇവിടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്.
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
അതേസമയം വരുന്ന നാം പേടിച്ച കാലവര്‍ഷമെത്തും. സംസ്ഥാനത്തെ ഇത്തവണത്തെ കാലവര്‍ഷം നേരത്തേയാണെത്തുന്നത്. നിലവില്‍ മഴയ്ക്ക് കുറവുണ്ടെങ്കിലും ജാഗ്രത തുടരുന്നുണ്ട്. നാളെ സംസ്ഥാനത്ത് നാല് വടക്കന്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 27 ഓടെ കാലവര്‍ഷം എത്തുമെന്നാണ് കരുതുന്നത്.
മെയ് 19 മുതല്‍ 24 വരെ മഴയുണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ പൂര്‍ത്തീകരിക്കാനുള്ള ജോലികളെല്ലാം ഈ ദിവസങ്ങളില്‍ ചെയ്ത് തീര്‍ക്കണം. പറമ്പിലെ അപകടകരമായ മരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മുറിക്കണം. പേടിച്ചിരുന്ന ഒരു സ്ഥിതി മാറിയിട്ടുണ്ടെന്ന് റവന്യു മന്ത്രി രാജന്‍ പറഞ്ഞു.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യപൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
" f allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha