എട്ടിന്റെ പണികിട്ടി... ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എംഎല്‍എ പിവി ശ്രീനിജനെ തള്ളി സിപിഎം നേതൃത്വം തന്നെ എത്തിയത് വലിയ അടിയായി; സിപിഎമ്മിനെ പേടിപ്പിച്ചത് കുന്നംകുളം മാപ്പില്ല, തൃക്കാക്കര മാപ്പ് തരാമെന്ന സാബു ജേക്കബിന്റെ പ്രസ്താവന

വളരെ നാളുകള്‍ക്ക് ശേഷം കുന്നംകുളം മാപ്പ് വീണ്ടും ചര്‍ച്ചയായി. ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജനെ തള്ളി പാര്‍ട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീനിജന്‍ മാപ്പ് പറഞ്ഞാല്‍ ഇടത് പക്ഷത്തിന് വോട്ട് നല്‍കുമെന്ന ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രസ്താവനയാണ് തുടക്കം. ഇതിന് പിന്നാലെയാണ് കുന്നംകുളം മാപ്പില്ലെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. അവസാനം ശ്രീനിജനെ പാര്‍ട്ടി തന്നെ തള്ളി.
സാബുവിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീനിജനെ തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടിയുടെ നിലപാട്. ട്വന്റി-20 യുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് പി രാജീവ് പറഞ്ഞു. കെ റെയില്‍ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലതെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
വലിയ ക്ഷീണമാണ് ശ്രീനിജനുണ്ടായത്. സിപിഎം ഇടപെട്ടതോടെ സാബു ജേക്കബിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിവി ശ്രീനിജിന്‍ പിന്‍വലിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി വി ശ്രീനിജന്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജന്‍ സാമൂഹിക മാധ്യമം വഴി പരിഹസിച്ചത്.
ശ്രീനിജനുളള മറുപടി ഉപതെരഞ്ഞെടുപ്പ് ദിവസമുണ്ടാകുമെന്ന വെല്ലുവിളിയായിരുന്നു സാബു ജേക്കബിന്റെ മറുപടി. ഇതാദ്യമായല്ല സാബു എം ജേക്കബും പി വി ശ്രീനിജനും നേര്‍ക്കുനേര്‍ വരുന്നത്. കിറ്റെക്‌സിലെ പരിശോധനകളെ ചൊല്ലി ഇരുവരും പലവട്ടം വാക്‌പോര് നടത്തിയിരുന്നു. പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ ആണെന്നും ശ്രീനിജന്‍ ട്വന്റി 20 യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവര്‍ത്തിച്ചു.
ഈ ആരോപണങ്ങള്‍ക്കെല്ലാം പി വി ശ്രീനിജന്‍ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി. പലപ്പോഴും സിപിഎം പിന്തുണയും ശ്രീനിജന് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി തൃക്കാക്കര പിടിക്കാന്‍ കൈമെയ് മറന്ന് രംഗത്തുള്ള സിപിഎം, ട്വന്റി 20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
ഇതിനിടെയാണ് കുന്നംകുളം മാപ്പുമായി ശ്രീനിജന്‍ എത്തിയത്. പി.വി.ശ്രീനിജന്റെ 'കുന്നംകുളം മാപ്പിന്' മറുപടിയുമായി സാബു എം. ജേക്കബ് രംഗത്തെത്തി. കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പ് കയ്യിലുണ്ടെന്നുമായിരുന്നു സാബുവിന്റെ മറുപടി. മെയ് 31 ന് ശേഷം ഇതുവേണമെങ്കില്‍ തരാമെന്നും സാബു വ്യക്തമാക്കി. തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുള്ള സാബുവിന്റെ മറുപടിക്ക് പിന്നാലെയാണ് സിപിഎം നേതൃത്വം ഇടപെട്ട് ശ്രീനിജന്റെ എഫ്ബി പോസ്റ്റ് പിന്‍വലിപ്പിച്ചത്.
കോണ്‍ഗ്രസിലുള്ളപ്പോള്‍ ചെയ്ത അതേ കാര്യങ്ങളാണ് പി.വി. ശ്രീനിജന്‍ സിപിഎമ്മില്‍ എത്തിയ ശേഷവും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം ആം ആദ്മിയും ട്വന്റി20യും പ്രഖ്യാപിച്ച ജനക്ഷേമ സഖ്യം തൃക്കാക്കരയില്‍ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
തൃക്കാക്കരയില്‍ നിലപാട് ഉടന്‍ പ്രഖ്യാപിക്കുന്നതാണ്. സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
"
https://www.facebook.com/Malayalivartha