ഒന്നൊന്നര മുങ്ങലായിപ്പോയി... ഈ മാസം പത്തൊമ്പതിന് ശേഷമേ നാട്ടിലെത്തൂവെന്ന വിജയ് ബാബുവിന്റെ വാക്കില്‍ മാത്രമാണ് പോലീസിന്റെ പ്രതീക്ഷ; പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ജയിച്ചില്ല

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ്ബാബുവിനെ ദുബായില്‍ നിന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അടിക്കടി പറഞ്ഞപ്പോള്‍ മലയാളികളാകെ വിസ്വസിച്ചു. എന്നാല്‍ അത് സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷയെ ദുബായില്‍ പോയി പിടികൂടിയത് പോലെയാകുമെന്ന് ആരും കരുതിയില്ല. അറ്റാഷയെ പിടികൂടാത്തതിനാല്‍ സ്വര്‍ണക്കടത്ത് കേസ് തീര്‍ന്നിരിക്കുകയാണ്. അതുപോലെയാണ് വിജയ് ബാബുവും. വിജയ്ബാബു വാക്ക് പാലിച്ച് 19ന് എത്തിയാല്‍ മതിയായിരുന്നു.
ബിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമം ഒന്നും തന്നെ വിജയിച്ചില്ല. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തി നാടുകടത്താനുള്ള നീക്കം നടത്തേണ്ടതു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെയാണ്.
ഈ കേസില്‍ ഇന്റര്‍പോളിന്റെ സഹകരണത്തോടെ വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ കേരള പൊലീസ് പൂര്‍ത്തിയാക്കിയെങ്കിലും അതിനുള്ള പിന്തുണ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു ലഭിച്ചില്ല. നാളെ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ വിധി അനുകൂലമായാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ നേരിട്ടു ഹാജരാകാനാണു വിജയ് ബാബുവിന്റെ നീക്കം. അതിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം.
നേരിട്ടു ഹാജരാകാന്‍ 19 വരെയാണു വിജയ്ബാബു കൊച്ചി സിറ്റി പൊലീസിനോടു സാവകാശം ചോദിച്ചിരിക്കുന്നത്. അതുവരെ ബിസിനസ് ടൂറിലാണെന്നാണു വിജയ്ബാബു അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്.
നടിയുടെ പരാതിയില്‍ പ്രതിയായ ശേഷമാണു താന്‍ ദുബായിയിലുണ്ടെന്നു വിജയ്ബാബു സ്വയം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സൗഹൃദ രാജ്യമായ യുഎഇയുടെ വാണിജ്യ തലസ്ഥാനത്തു തങ്ങിയിട്ടും പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കേരളാ പൊലീസ് ബുദ്ധിമുട്ടുകയാണ്. ഏറ്റവും അധികം മലയാളികളുള്ള ലോക നഗരത്തിലാണു വിജയ്ബാബു ഒളിവില്‍ കഴിയുന്നത്. നാട്ടിലെത്തുമെന്നു വിജയ്ബാബു പറയുന്ന തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. അതിന്റെ തൊട്ടുതലേന്നാണു ഹൈക്കോടതി വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പീഡനക്കേസുകളില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ നീതിന്യായ കോടതി ഏതു തരത്തില്‍ സമീപിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയമുണ്ടാവാന്‍ സാധ്യത കുറവാണ്. എന്നാലും, കോടതിയുടെ തീരുമാനം അറിഞ്ഞിട്ടാവാം കീഴടങ്ങലെന്നു തീരുമാനിക്കാനുള്ള അവകാശം ഏതു പ്രതിക്കുമുണ്ട്. വിജയ്ബാബു കീഴടങ്ങലിനായി കൂടുതല്‍ സമയമെടുക്കുന്നതിന്റെ കാരണമാണ് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നത്.
കേസിലെ പരാതിക്കാരിയും സാക്ഷികളുമെല്ലാം മലയാള സിനിമാരംഗവുമായി അടുപ്പമുള്ളവരാണ്. പ്രതി വിജയ്ബാബുവുമായി പല തരത്തില്‍ അടുപ്പമുണ്ടായിരുന്നവര്‍. ഇവരെയെല്ലാം സ്വാധീനിക്കാന്‍ പ്രതിക്ക് അവസരം നല്‍കുന്ന കാലതാമസമാണ് അറസ്റ്റ് വൈകിയതിലൂടെ ഉണ്ടായിരിക്കുന്നത്. വിജയ്ബാബു തന്നെ നിശ്ചയിച്ച മേയ് 19നു മുന്‍പു കേരളാ പൊലീസിനു പ്രതിയെ നാട്ടിലെത്തിക്കാന്‍ കഴിയുമോയെന്നാണു കാത്തിരുന്നു കാണാനുള്ളത്.
അതിനു കേരള പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന ഒരേയൊരു അന്വേഷണ ഏജന്‍സിയേയുള്ളൂ. അത് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റര്‍പോളാണ്. ലോകപൊലീസ് സേനകളുടെ രാജ്യാന്തര അന്വേഷണ കൂട്ടായ്മ. ഇന്ത്യയില്‍ രണ്ട് ഏജന്‍സികളാണ് അവരോടു സഹകരിക്കുന്നത്, സിബിഐയും എന്‍ഐഎയും. അതായത് ഈ ഏജന്‍സികളാണ് ഇന്ത്യയിലെ ഇന്റര്‍പോളിന്റെ പ്രതിനിധികള്‍. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ ഓരോ സംസ്ഥാന പൊലീസിലും ഇന്റര്‍പോളിനെ സഹായിക്കാനുള്ള നോഡല്‍ ഏജന്‍സികളുണ്ടാവും. നമ്മുടെ ക്രൈംബ്രാഞ്ചിനാണ് അതിന്റെ പ്രാദേശിക ചുമതല. ഇത്രയൊക്കെ സംവിധാനമുണ്ടായിട്ടും ബിജയ് ബാബുവിനെ തൊടാന്‍ പോലും ആകുന്നില്ല.
https://www.facebook.com/Malayalivartha