കോട്ടയം കുടയംപടി കവലയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ രണ്ടു വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു; പ്രദേശത്ത് വൈദ്യുതി മുടങ്ങി; അപകടത്തിൽ ആർക്കും പരിക്കേറ്റില്ല

കോട്ടയം കുടയംപടികവലയിൽ വാഹനാകടം. നിയന്ത്രണം നഷ്ടമായ വോക്‌സ് വാഗൺ കാർ രണ്ടു വാഹനങ്ങളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. അപകടത്തെ തുടർന്നു കുടയംപടിയിലും പരിസരപ്രദേശത്തും വൈദ്യുതി മുടങ്ങി. എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകടത്തെ തുടർന്നു കുടയംപടി -മെഡിക്കൽ കോളേജ് റോഡിൽ ഗതാഗത തടസവുമുണ്ടായി.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു പോകുകയായിരുന്ന വോക്‌സ് വാഗൺ കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന എർട്ടിഗ കാറിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ഓട്ടോറിക്ഷയും പൂർണമായും തകർന്നു. ഇവിടെ നിന്നും മുന്നോട്ട് നീങ്ങിയ കാർ റോഡരികിലെ പോസ്റ്റിലും ഇടിച്ചു.
പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്ത് എത്തി. തുടർന്നു, പോസ്റ്റ് നീക്കിയ ശേഷം അറ്റകുറ്റപണികൾ ആരംഭിക്കുകയായിരുന്നു. ഇതേ തുടർന്നു പ്രദേശത്തെ വൈദ്യുതി വിതരണം പുനരാരംഭിക്കുന്നതിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ മാത്രമേ വൈദ്യുതി വിതരണം പുനരാരംഭിക്കാൻ സാധിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha