ഫ്രീഫയര്‍ ഗെയിം വഴി പരിചയപെട്ടു..പിന്നെ നടന്നതൊന്നും കളിയല്ല; നഗ്നചിത്രം കാണിച്ച് ഭീഷണി; വഴങ്ങില്ലെങ്കിൽ പലതും ചെയ്യുമെന്ന വിരട്ടലും.. ലക്ഷ്യം പണം തട്ടല്‍, ലൈംഗീകചൂഷണം.. കൂടുതലും പിടിയിലാവുന്നത് 18 വയസിൽ താഴെയുള്ളവർ.. പെണ്‍കുട്ടികളെ കാത്തിരിക്കുന്ന കെണികൾ......

ഫ്രീഫയര്‍ ഗെയിം കളിച്ച പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് കൃത്രിമമായി നിര്‍മിച്ച നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ കേരള പോലീസ് വെളിപ്പെടുത്തുകയുണ്ടായി.സമൂഹം എത്ര വളർന്നെന്ന് പറഞ്ഞാലും അതിനൊപ്പം വളരുന്ന ഒന്നാണ് കുറ്റ കൃത്യങ്ങൾ.പതിനെട്ടിൽ താഴെ വയസുള്ള ഒരു പെണ്‍കുട്ടിയാണ് ഇവിടെ അപകടത്തിലായത്. അമ്മയുടെ കണ്ണുവെട്ടിച്ച് ഫോണില്‍ ഫ്രീഫയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത പെണ്‍കുട്ടി അമ്മയില്ലാത്തപ്പോഴാണ് ഗെയിം കളിച്ചിരുന്നത്.
ഗെയിമിലൂടെ പരിചയത്തിലായ യുവാവ് അവളുടെ വിശ്വാസം പിടിച്ചുപറ്റുകയും നമ്പര്‍ കൈക്കലാക്കി വാട്‌സാപ്പിലൂടെ ചാറ്റിങ് തുടരുകയുമായിരുന്നു. വ്യാജ നമ്പര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ചാറ്റിങ്.നഗ്നചിത്രം കാണിച്ചുള്ള ഭീഷണിയില്‍ ആദ്യം ഒന്ന് പതറിയെങ്കിലും പ്രശ്‌നം ആരോടെങ്കിലും തുറന്ന് പറഞ്ഞ് അതിന് പിന്നിലുള്ളയാളെ കണ്ടെത്തണമെന്ന് ചിന്തിക്കാനുള്ള പക്വത ആ കുട്ടി കാണിച്ചു. അമ്മയോട് കാര്യം പറയുകയും വിഷയം പോലീസിന്റെ കയ്യിലെത്തുകയും ചെയ്തു.
സംഭവത്തില്‍ കണ്ണൂര്‍ ചെറുപുഴ സ്വദേശി അഖില്‍ എന്ന 21-കാരന്‍ പോലീസിന്റെ പിടിയിലാണ്. തൃശൂര്‍ സൈബര്‍ ക്രൈം പോലീസാണ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയത്. നഗ്നചിത്രം കാണിച്ച് പെണ്‍കുട്ടിയില്‍നിന്ന് പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
പബ്ജിയെ പോലെ പല സ്ഥലങ്ങളിലുള്ള ആളുകള്‍ക്ക് ഒരേസമയം ഗെയിം കളിക്കാനും പരസ്പരം സംസാരിക്കാനും സൗകര്യമുള്ള ഗെയിമാണ് ജെറിന ഫ്രീഫയര്‍. ഇങ്ങനെ ഗെയിം കളിക്കിടെ പരിചയപ്പെട്ട ആളുമായാണ് മുകളില്‍ പറഞ്ഞ സംഭവത്തിലെ പെണ്‍കുട്ടി സൗഹൃദത്തിലായത്. ഗെയിം ഇഷ്ടപ്പെടുന്നവരുടെ ഒരു വിര്‍ച്വല്‍ കൂട്ടായ്മയുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മറ്റ് സാമൂഹിക മാധ്യമങ്ങളെ പോലെ ഫ്രീഫയര്‍ പോലുള്ള ഗെയിമുകളും ഇങ്ങനെ ആശയവിനിമയത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ആ സൗകര്യം ദുരുപയോഗം ചെയ്യുകയായിരുന്നു കേസിലെ പ്രതി.
പെണ്‍കുട്ടികളെ വരുതിയിലാക്കാന്‍ സൈബര്‍ കുറ്റവാളികള്‍ സാധാരണയായി ഉപയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് നഗ്നചിത്രങ്ങള്‍. അത് ചിലപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ചിത്രം തല വെട്ടിയൊട്ടിച്ച് നിര്‍മിച്ച വ്യാജചിത്രങ്ങളാവാം, ചിലപ്പോള്‍ അപരിചിതരോ പരിചയമുള്ളതോ കമിതാവോ ആയൊരാള്‍ സ്ത്രീകളുമായുള്ള ചാറ്റിനിടെ കൈക്കലാക്കിയതാവാം, അല്ലെങ്കില്‍ ഫോണുകളില്‍നിന്ന് എതെങ്കിലും മാര്‍ഗത്തില്‍ ചോര്‍ത്തിയെടുത്തതാവാം.
ഇങ്ങനെയുള്ള നിരവധി കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഫൈസല്‍ പറഞ്ഞു.പണം തട്ടല്‍, ലൈംഗീകചൂഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇങ്ങനെയുള്ള സംഭവങ്ങളിലെ കുറ്റവാളികളുടെ പൊതുവായ ലക്ഷ്യം. 18 വയസില്‍ താഴെയുള്ളവരും ഇങ്ങനെയുള്ള കേസുകളില്‍ പിടിയിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022 സെപ്റ്റംബറില്‍ ഫെയ്‌സ്ബുക്കിലൂടെ പരചിയപ്പെട്ട വിവാഹിതയായ യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചതിന് ചവറയില്‍ ഒരു യുവാവ് പിടിയിലായിരുന്നു. 2017-ല്‍ തൊടുപുഴയില്‍ ഒമ്പതാം ക്ലാസുകാരിയുടെ നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചത് അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അമ്മയുടെ നഗ്‌നചിത്രം കാണിച്ച് മകളെ പീഡിപ്പിച്ച സംഭവം 2019-ല്‍ ഈരാറ്റുപേട്ടയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സ്വന്തം നഗ്നചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അല്ലാതെയും പങ്കുവെക്കാതിരിക്കുക എന്നതാണ് ഇത്തരം ഭീഷണികളെ നേരിടാനുള്ള ആദ്യ നടപടി. മുഖത്തോടുകൂടിയുള്ള ചിത്രങ്ങള്‍ പ്രത്യേകിച്ചും ആര്‍ക്കും അയച്ചുകൊടുക്കരുത്. നിങ്ങളുടെ യഥാര്‍ത്ഥ നഗ്നചിത്രം കാണിച്ച് ഭീഷണി നടത്തുന്നയാളെ പിടികൂടാന്‍ സാധിക്കുമെങ്കിലും അങ്ങനെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നാല്‍ അവ പ്രചരിക്കുന്നത് തടയുക വലിയ പ്രയാസമാണ്.
ഇനി കൃത്രിമമായി നിര്‍മിച്ച ചിത്രം കാണിച്ചുള്ള ഭീഷണിയാണെങ്കില്‍ ആ ഭീഷണിയില്‍ ഒട്ടും പതറേണ്ട കാര്യമില്ല. ഭീഷണിയ്ക്ക് വഴങ്ങുകയും ചെയ്യരുത്. ഇങ്ങനെ ഒരു ഭീഷണി നേരിട്ടാല്‍ അത് വിശ്വസ്തരായ മുതിര്‍ന്നവരോട് ആരോടെങ്കിലും പറയുക. അല്ലെങ്കില്‍ നേരിട്ട് സൈബര്‍ പോലീസിനെ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha