'നോര്‍മല്‍ ഡെലിവറിക്ക് അന്‍പതിനായിരവും അതിനു മുകളിലും ഈടാക്കുന്ന ആശുപത്രികള്‍ ഉള്ള നാട്ടില്‍ സൗജന്യമായി ലഭിച്ച ഈ സേവനങ്ങളില്‍ അത്ഭുതപ്പെട്ടു നില്‍ക്കുമ്പോഴാണ് പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്ക് മടങ്ങാന്‍ യാത്രാപ്പടി കൂടി സര്‍ക്കാര്‍ നല്‍കും എന്നറിഞ്ഞത്.നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒരുപാട് മാറി.നമ്മുടെ കാഴ്ചപ്പാടാണ് മാറാത്തത്...' വൈറലായി കുറിപ്പ്
സർക്കാർ ആശുപത്രികളെയും സർക്കാർ സേവനങ്ങളെയും കുറ്റം പറയുന്നവർ കേൾക്കാൻ ഒരു കുറിപ്പ്. ഭാര്യയുടെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ ഭര്‍ത്താവിന്റെ അനുഭവ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോതമംഗലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഭാര്യയ്ക്കും കുഞ്ഞിനും ലഭിച്ച സൗകര്യങ്ങളും സൗജ്യന്യമായി ഡെലിവറി പൂര്‍ത്തിയായതിന്റെയും അനുഭവമാണ് മുന്നാര്‍ ഗവ കോളേജിലെ പ്രിന്‍സിപ്പള്‍ കൂടിയായ ഡോ മനേഷ് ഫേസ്ബുക്കിൽ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഡെലിവറി@₹0
ഇടക്കിടെ വന്ന വയറു വേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അന്‍ജു ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറഞ്ഞത്. ആദ്യ ഘട്ടത്തില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ട് തവണകളായി 4 ദിവസം അഡ്മിറ്റ് ചെയ്യുകയും അനുബന്ധ പരിശോധനകള്‍, സ്കാനിംഗ് തുടങ്ങിയവ നടത്തി മരുന്ന് നല്‍കുകയും ഏകദേശം 25000 രൂപയോളം ചിലവാകുകയും ചെയ്തു. ട്രാന്‍സ്‌ഫര്‍ പ്രതീക്ഷിച്ചതിനാല്‍ അഞ്ചാം മാസത്തില്‍ കോതമംഗലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിലേക്ക് കണ്‍സള്‍ട്ടിങ് മാറ്റാന്‍ തീരുമാനിച്ചു. ആശുപത്രി ചീട്ടിനു 5 രൂപ ഫീസുണ്ടെങ്കിലും ഗര്‍ഭിണികള്‍ക്ക് ഫീസ് വേണ്ടെന്നു കൗണ്ടറില്‍ നിന്നും അറിയിച്ചു. ഗൈനക്കോളജിയില്‍ ഡോ. ടിന്റു പാറക്കലിനെ കണ്‍സള്‍ട്ട് ചെയ്തു. ആദ്യത്തെ ദിവസം തന്നെ ഡോക്ടര്‍ സ്കാനിംഗിന് കുറിച്ചു. സ്കാനിംഗിന് നല്‍കിയ കുറിപ്പില്‍ ദേവി സ്കാനിംഗ് സെന്റര്‍ എന്ന് എഴുതിയിരുന്നു. സ്കാനിംഗ് സെന്ററിന്റെ പേര് ഡോക്ടര്‍ നിശ്ചയിച്ചത് എന്തിനാവും എന്ന് പരസ്പരം പറഞ്ഞ് ഞങ്ങള്‍ സ്കാനിംഗ് സെന്ററില്‍ എത്തി. റിസ്പ്ഷനില്‍ പണമടക്കാന്‍ പേഴ്സ് എടുത്തപ്പോഴാണ്
2സ്കാനിംഗിന്റെ പണം സര്‍ക്കാര്‍ നല്‍കും എന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചത്. സ്കാനിംഗ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍ ആവശ്യമായ മരുന്നുകള്‍ കുറിച്ചു എന്തെങ്കിലും ആവശ്യങ്ങള്‍ക്കു വിളിക്കുന്നതിനും സംശയങ്ങള്‍ ചോദിക്കുന്നതിനുമായി ഡോക്ടറുടെ മൊബൈല്‍ നമ്ബര്‍ നല്‍കി. എല്ലാ മരുന്നുകളും ആശുപത്രിയില്‍ നിന്ന് തന്നെ വാങ്ങി ഞങ്ങള്‍ മടങ്ങി.
തുടര്‍ന്നുള്ള മാസങ്ങളില്‍ ഒരു സ്കാനിംഗ് കൂടി സൗജന്യമായി ലഭിച്ചു. അവസാനത്തെ സ്കാനിംഗിന് സ്കാനിംഗ് സെന്ററില്‍ ഡോക്ടര്‍ അവധിയിലായതിനാല്‍ മറ്റൊരു ആശുപത്രിയില്‍ ചെയ്യേണ്ടി വന്നിരുന്നു. മൂന്നാറില്‍ ഞങ്ങളോടൊപ്പം അമ്മമാരോ മുതിര്‍ന്ന സ്ത്രീകളോ ആരും കൂടെയില്ലാത്തതിനാല്‍ അസമയങ്ങളിലും ആശങ്കകളിലും ഡോക്ടറുടെ നമ്ബര്‍ ആശ്വാസമായി. തികച്ചും സൗജന്യമായ സര്‍ക്കാര്‍ ആശുപത്രിയിലെ ഈ സേവനങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ അത്ഭുതമുണ്ടാക്കി. അതിന് കാരണമുണ്ട്, എന്തെന്നാല്‍ ആദ്യത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം മുതല്‍ ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നതിന് കാരണമായ രണ്ടാമന്‍ 5 മാസം ആകും വരെയും എനിക്ക് പരിചയമുണ്ടായിരുന്നത് സ്വകാര്യ ആശുപത്രികള്‍ മാത്രമായിരുന്നു.
ഇതിനിടെ ഭാര്യയുടെ ഗര്‍ഭകാല ക്ഷേമമന്യോഷിച്ച പലരും ഞങ്ങള്‍ എന്തോ മഹാപരാധം ചെയ്ത രീതിയിലാണ് സംസാരിച്ചത്. ആശുപത്രി മാറുന്നതായിരിക്കും നല്ലത് എന്ന് പലരും പലവട്ടം താക്കീത് ചെയ്തു. ആദ്യത്തെ കുഞ്ഞുണ്ടായ ആശുപത്രിയില്‍ നിന്നും സംഭവിച്ച പിഴവിന് മാറ്റാരു ആശുപത്രിയില്‍ ചികിത്സതേടിയാണ് അതിന്റെ കേട് പരിശോധിച്ചത്. ഒരു പ്രസവത്തിന് രണ്ട് തുന്നലിന്റെ വേദന അനുഭവിക്കേണ്ടി വന്നത് തീര്‍ച്ചയായും ഒരു മെഡിക്കല്‍ നെഗ്ളിജന്‍സാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിലും സ്വകാര്യ ഹോസ്പിറ്റലിന്റെ റെക്കോര്‍ഡ്സ് ഞങ്ങളുടെ കൈവശമില്ലാത്തതിനാലും ആശുപത്രി അധികൃതര്‍ മനപൂര്‍വ്വം തെറ്റു ചെയ്തതായി കരുതാത്തതിനാലും വെറുതെ ഊര്‍ജം പാഴാക്കിയില്ല.
ഞാന്‍ പറഞ്ഞു വന്നത്, രണ്ട് സ്വകാര്യ ആശുപത്രികളുടെ ഗൈനക്കോളജി അടുത്തറിഞ്ഞതിനു ശേഷമാണു ഞങ്ങള്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിയത് എന്നാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ എന്ത് നടക്കുന്നു എന്ന് ബോധ്യമില്ലാത്തവരാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നത് എന്നതാണ് ഖേദകരം. എന്തായാലും സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിക്കുകയും പുതിയ അതിഥിയെ സ്വീകരിക്കുന്നതിനുള്ള ഉടുപ്പുകളും തുണികളുമൊക്കെ അഞ്ജു തന്നെ തയ്യാറാക്കി വക്കുകയും ചെയ്തു. ഡിസംബര്‍ 14 ന് ഡോക്ടറെ കണ്ടു. RTPCR ചെയ്ത് 16 ന് രാവിലെ അഡ്മിറ്റ് ആകാന്‍ പറഞ്ഞു.
ഈ ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ RTPCR ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ അടുത്ത ആശുപത്രിയില്‍ സര്‍ക്കാര്‍ ചിലവില്‍ RTPCR ചെയ്യിച്ച് 16 ന് അഞ്ജുവിനെ അഡ്മിറ്റ് ചെയ്തു. ഏതൊരു സ്വകാര്യ ആശുപത്രികളോടും കിട പിടിക്കുന്ന വൃത്തിയുള്ള വരാന്തകളും മുറികളും സദാ സമയവും അത് തൂത്തു തുടച്ചു വൃത്തിയാക്കാന്‍ ഒത്തിരി പേരേയും കാണാനായി. അന്നേ ദിവസം അഡ്മിറ്റ് ആക്കിയ വേറെയും നാല് പേരുണ്ടായിരുന്നു. ഡെലിവറിക്ക് മുന്‍പ് ചെയ്യേണ്ട ടെസ്റ്റുകള്‍ എല്ലാം ആശുപത്രിയില്‍ തന്നെ നടത്തി. എന്തെങ്കിലും കാരണവശാല്‍ രക്തം ആവശ്യമായി വന്നാല്‍ ഉപയോഗിക്കുന്നതിന് വേണ്ടി രക്തത്തിന്റെ സാമ്ബിളുകള്‍ ശേഖരിച്ച് ആശുപത്രിയുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത ബ്ലഡ് ബാങ്കില്‍ നല്‍കി.
വൈകിട്ടത്തേക്കുള്ള ഭക്ഷണം വാങ്ങി നല്‍കി രാവിലെ വരാമെന്ന് പറഞ്ഞ് ഞാന്‍ റൂമിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ മരുന്ന് നല്‍കും എന്ന് പറഞ്ഞെങ്കിലും രാത്രി ഫ്ലൂയിഡ് പൊട്ടിയതിനാല്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ലേബര്‍ റൂമില്‍ കയറ്റുകയും 4.30 നു കുഞ്ഞുണ്ടാവുകയും ചെയ്തു. അമ്മയും കുഞ്ഞും താമസിയാതെ പുറത്തിറങ്ങി. ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കിയ സന്തോഷത്തിന് പുറമേ ലേബര്‍ റൂമില്‍ ലഭിച്ച പരിചരണത്തിന്റെ സംതൃപ്തിയും അഞ്ജുവിന്റെ മുഖത്ത് പ്രകടമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ സ്വന്തം അനിയത്തി കുട്ടിയേപ്പോലെ തന്നെ പരിചരിച്ച ഡോക്ടര്‍. ടിന്റുവിനെക്കുറിച്ചും നേഴ്സ്മാരേക്കുറിച്ചും മാത്രമാണവള്‍ സംസാരിച്ചത്.
ഞങ്ങളുടെ തീരുമാനം തെറ്റിയില്ലെന്നു മനസ്സിലായി. നോര്‍മല്‍ ഡെലിവറിക്ക് അന്‍പതിനായിരവും അതിനു മുകളിലും ഈടാക്കുന്ന ആശുപത്രികള്‍ ഉള്ള നാട്ടില്‍ സൗജന്യമായി ലഭിച്ച ഈ സേവനങ്ങളില്‍ അത്ഭുതപ്പെട്ടു നില്‍ക്കുമ്ബോഴാണ് പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്ക് മടങ്ങാന്‍ യാത്രാപ്പടി കൂടി സര്‍ക്കാര്‍ നല്‍കും എന്നറിഞ്ഞത്.നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒരുപാട് മാറി.നമ്മുടെ കാഴ്ചപ്പാടാണ് മാറാത്തത്.
https://www.facebook.com/Malayalivartha