ഷെറിൻ മരിക്കാൻ കാരണം ആ വീഡിയോ കോൾ?റൂമിൽ ഹോർമോൺ ടാബ്ലറ്റുകൾ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ!

കൊച്ചിയിൽ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയേക്കൂടി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.നടിയും മോഡലുമായ ട്രാൻസ്വുമൺ ഷെറിൻ സെലിൻ മാത്യുവിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷെറിനെ വ്യക്തിപരമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി സംശയം നിൽക്കുകയാണ്. സെലിൻ ജീവനൊടുക്കിയത് വീഡിയോ കോൾ ചെയ്തിട്ടാണെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഷെറിൻ ആർക്കാണ് വിളിച്ചത് എന്നതിൽ വ്യക്തതയില്ല. ഹോർമോൺ ടാബ്ലറ്റുകൾ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മുറിയിലുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.
'അയൽപക്കക്കാരുമായി സംസാരിക്കുമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ...പെട്ടെന്ന് എന്താ സംഭവിച്ചതെന്ന് അറിയില്ല. അടുത്തദിവസങ്ങളിൽ എന്തെങ്കിലും മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഏകദേശം മൂന്നുവർഷമായി താമസിക്കുന്നു. മറ്റു വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, വീട്ടുടമസ്ഥരുടെ ചില നിലപാടുകൾ ബുദ്ധിമുട്ടിച്ചിരുന്നു. ഒരുകാരണവും കൂടാതെ വീട് ഒഴിയണമെന്ന് പറഞ്ഞിരുന്നു. വേറെ എന്തെങ്കിലും വ്യക്തിപരമായ കാര്യമുണ്ടോ എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല', സുഹൃത്തുക്കൾ പറഞ്ഞു.
കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. സുഹൃത്തുക്കളുമായി ഇവർക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു നടി. മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
മുൻപ് ആലപ്പുഴയിൽ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു. ഇപ്പോൾ ജോലിയോടനുബന്ധിച്ച് കൊച്ചിയിലായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുക്കും.
അതേസമയം, ഷെറിൻ സെലിൻ മാത്യൂവിന്റെ മരണത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം രംഗത്തെത്തി. കഴിഞ്ഞ കുറച്ചുകാലമായി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് ഇതുപോലുള്ള നിരന്തര ദുരൂഹമരണങ്ങളും ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെടുന്നണ്ടെന്ന് വി.ടി ബൽറാം പറഞ്ഞു.കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. ഗൗരവമുള്ള പഠനത്തിനും ഇടപെടലിനും ഇനിയും മടിച്ചുനിൽക്കരുതെന്നും ബൽറാം പറഞ്ഞു.
https://www.facebook.com/Malayalivartha