റിഫ ആത്മഹത്യ ചെയ്‌തെന്ന്... വിശ്വസിക്കാൻ കഴിയാതെ അമ്മ അപ്പോൾ മെഹ്നാസ് എന്തിന് ഒളിവിൽ പോയി!

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തണമെന്ന് മാതാവ് ഷെറീന. മകളെ ആത്മഹത്യയിലേക്ക് എത്തിച്ചതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് റിഫയുടെ തൂങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാതാവ് ആവശ്യപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫോറന്‍സിക് റിപ്പോര്‍ട്ടു കൂടി പുറത്തുവരാനുണ്ട്. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല. അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടാകും. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് മെഹ്നാസിനെതിരെ കേസ് കൊടുത്തത്. റിഫയുടെ കൂടെയുണ്ടായിരുന്നത് മെഹ്നാസാണ്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് മെഹ്നാസിനേ പറയാന്‍ കഴിയൂ. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിനാണ് ഒളിവില്‍ പോയതെന്നും ഷെറീന ചോദിച്ചു.
ഇന്നാണ് റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ പാടുകള്‍ തൂങ്ങിമരണത്തിന്റേതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി പുറത്തുവരാനുണ്ട്. ദുബായില്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മ്യതദേഹം രണ്ട് മാസത്തിനുശേഷമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം, മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍ തുടങ്ങിയ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മെഹ്നാസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.മെയ് 20നാണ് ഈ ഹര്‍ജി കോടതി പരിഗണിക്കുന്നത്. സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha