ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല... മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രം നാട്ടിലെത്താന്‍ തീരുമാനം; എന്തുകൊണ്ട് വിദേശത്തുള്ളപ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല?

നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും. ഇന്ന് കോടതി ജാമ്യം അനുവദിച്ചാല്‍ മാത്രം നാട്ടിലെത്തിയാല്‍ മതിയെന്നാണു തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ വിജയ്ബാബു നിയമോപദേശം തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസ് ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്.
അറസ്റ്റ് ഉറപ്പായതോടെ വിജയ്ബാബുവിനു രാജ്യം വിടാന്‍ പൊലീസ് ബോധപൂര്‍വം അവസരം ഒരുക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാവുന്നത്. ഇതിനിടയില്‍ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ്ബാബു ശ്രമിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ നിലപാടിലാണ് ഇനി കേസിന്റെ ഭാവി.
അതേസമയം, വിജയ് ബാബുവിനെതിരെ നടി നല്‍കിയ ലൈംഗികപീഡന പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ. വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. പരാതിക്ക് പിന്നില്‍ എറണാകുളത്തെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘമാണെന്നും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി തയ്യാറാക്കിയതെന്നും കത്തില്‍ പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തിലാണ് നടി സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ട് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നീതി ഉറപ്പ് വരുത്തണമെന്നുമാണ് ആവശ്യം. തന്റെ അന്വേഷണത്തിലും വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്, വ്യാജപരാതിയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമായതെന്നും വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം ദുബായില്‍ ഒളിവില്‍ക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് ഫലം കണ്ടില്ല. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇതുവരെ യു.എ.ഇ.യില്‍ നിന്ന് കൊച്ചി പോലീസിന് മറുപടി കിട്ടിയിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു.എ.ഇ. എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ.
റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റിയയയ്ക്കാന്‍ അവിടത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്തതിനാല്‍ ആ നടപടിയിലേക്ക് കടക്കാനായില്ല. പീഡനക്കേസില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
30തോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ പ്രതി രഹസ്യമായി ശ്രമിച്ചതായുള്ള വിവരമില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. വിജയ് ബാബുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍പോള്‍ സഹായത്തോടെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha