മാപ്പ് മുതലാളി മാപ്പ്... മുഖ്യമന്ത്രിയ്‌ക്കെതിരെ 'ചങ്ങലയില്‍നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക' എന്ന കെ സുധാകരന്റെ പ്രസ്താവന തീ പിടിച്ചു; പഴയ ബ്രണ്ണന്‍ കോളേജ് ഫൈറ്റ് ഓര്‍മ്മയില്‍ വന്നതോടെ സുധാകരന്‍ തിരുത്തി; പറഞ്ഞത് മലബാറിലെ കൊളോക്കിയല്‍ ഉപമ; പരാമര്‍ശം തെറ്റായി തോന്നുന്നുവെങ്കില്‍ പിന്‍വലിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ 'ചങ്ങലയില്‍നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക' എന്ന വിവാദ പരാമര്‍ശത്തിനെതിരെ വലിയ ഒച്ചപ്പാടാണ് കേരളത്തിലുണ്ടായത്. സിപിഎം അത് രാഷ്ട്രീയമായി ഏറ്റെടുത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അത് സിപിഎമ്മിന് അനുകൂലമാകുന്ന സ്ഥിതിയും വന്നു. സുധാകരനും മുഖ്യമന്ത്രിയും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് ഫൈറ്റിനെ ഓര്‍മ്മിപ്പിക്കുന്നതായി ഇത്.
അവസാനം സുധാകരന്‍ തന്നെ കുന്നംകുളം മാപ്പുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദപരാമര്‍ശത്തില്‍ മറുപടിയുമായി കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ല. താന്‍ പറഞ്ഞത് മോശം പരാമര്‍ശമായിട്ട് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരന്‍ പറഞ്ഞു. താന്‍ നടത്തിയ പരാമര്‍ശം മലബാറിലുള്ള കൊളോക്കിയല്‍ ഉപമയാണ്. പരാമര്‍ശത്തില്‍ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയില്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാത്രം അത് പിന്‍വലിക്കുന്നു. ഞാന്‍ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമര്‍ശം നടത്താറുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് രംഗത്തുവന്നത്. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടിപ്പണിയെടുക്കുന്നുവെന്നാണ് പറഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.
'' ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയില്‍നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയില്‍നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങള്‍ക്ക് ഹാലിളകിയിട്ടില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ പറയുന്നുള്ളൂ'' എന്നാണ് സുധാകരന്‍ പറഞ്ഞത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഎം പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയസംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha