രണ്ടു ദിവസംപോരാ ഭാര്യയെ കാണാൻ കൂടുതൽ സമയം വേണം... തിഹാര്‍ ജയിലില്‍ 17 ദിവസത്തോളം നിരാഹരസമരം നടത്തി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍... ഇതേ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഭാര്യയും നടിയുമായ ലീന മരിയ പോളിനെ കാണാനായിരുന്നു സുകേഷിന്റെ സമരം...കുലുങ്ങാതെ അധികൃതർ

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ 17 ദിവസത്തോളം നിരാഹരസമരം നടത്തിയെന്ന് റിപ്പോര്‍ട്ട്. തിഹാര്‍ ജയിലിലുള്ള ഭാര്യയെ കാണാന്‍ കൂടുതല്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുകേഷിന്റെ നിരാഹാരം.
ഏപ്രില്‍ 23 മുതല്‍ മേയ് രണ്ടാം തീയതി വരെയും മേയ് നാല് മുതല്‍ 12-ാം തീയതി വരെയും സുകേഷ് ഭക്ഷണമൊന്നും കഴിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ജയിലിലെ ഡിസ്‌പെന്‍സറിയില്‍ പ്രവേശിപ്പിച്ച് ഐ.വി. ഫ്‌ളൂയിഡ് നല്‍കുകയായിരുന്നു.
ഇതേ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഭാര്യയും നടിയുമായ ലീന മരിയ പോളിനെ കാണാനായിരുന്നു സുകേഷിന്റെ നിരാഹാരം. മറ്റുതടവുകാര്‍ക്കുള്ളത് പോലെ സുകേഷിനും ലീനയ്ക്കും മാസത്തില്‍ രണ്ടുതവണ പരസ്പരം കാണാനുള്ള അനുവാദമുണ്ട്. മാസത്തിലെ ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയുമാണ് ഇതിനുള്ള അവസരം. എന്നാല്‍ ഭാര്യയുമായി കൂടിക്കാഴ്ച നടത്താന്‍ കൂടുതല്‍ അവസരം നല്‍കണമെന്നായിരുന്നു സുകേഷിന്റെ ആവശ്യം. ഇത് ജയില്‍ അധികൃതര്‍ അനുവദിച്ചില്ല. ഇതോടെയാണ് സുകേഷ് ഭക്ഷണം ഉപേക്ഷിച്ചതെന്നും ഇയാള്‍ക്കെതിരേ ജയില്‍നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും ലീന മരിയ പോളും അറസ്റ്റിലായത്. ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്.
ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ള നടിമാരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. അടുത്തിടെ ഇതേ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴ് കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha