നടിയെ ആക്രമിച്ച കേസിൽ നിന്നും ജഡ്ജി പിന്മാറി... നീതി ലഭിക്കുമോ? ആശങ്ക! സൂപ്പർ ട്വിസ്റ്റിലേക്ക് കടക്കുന്നു

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇന്നലെ അതിജീവിത കോടതിക്കെതിരെ കച്ചമുറുക്കി ഇറങ്ങിയതിന് പിന്നാലെ വമ്പൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ അതിന് പിന്നാലെ ഇപ്പോൾ മറ്റൊരു സുപ്രധാന നീക്കം കൂടി നടന്നിരിക്കുകയാണ്.
അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി എന്ന വാർത്തയാണ് ലഭിക്കുന്നത്. നാളെ മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കരുതെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയെങ്കിലും ഇന്ന് ഇതേ ബഞ്ചിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിയുടെ പിന്മാറ്റം.
ഉന്നത സ്വാധീനം ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചിരുന്നു. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താത്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു.
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിൻറെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്.
https://www.facebook.com/Malayalivartha


























