ഇത് പണത്തിനുവേണ്ടിയുള്ള പോരാട്ടമല്ല...സത്യസന്ധമായി ജോലിചെയ്യുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനും ഇതുപോലൊരു ദുരനുഭവമുണ്ടാകരുത്.... നിയമപോരാട്ടവുമായി കോടതിയെ സമീപിച്ച് സിലീഷ്

ഇത് പണത്തിനുവേണ്ടിയുള്ള പോരാട്ടമല്ല...സത്യസന്ധമായി ജോലിചെയ്യുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനും ഇതുപോലൊരു ദുരനുഭവമുണ്ടാകരുത്.... നിയമപോരാട്ടവുമായി കോടതിയെ സമീപിച്ച് സിലീഷ്.
അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് കോടതിയെ സമീപിച്ചതെങ്കിലും ഇത് പണത്തിനുവേണ്ടിയുള്ള പോരാട്ടമല്ല. കുറ്റ വിമുക്തനാക്കപ്പെട്ട കോടതി വിധി വീട്ടില്‍ കെട്ടി സൂക്ഷിച്ചിട്ട് കാര്യമില്ലല്ലോ. കള്ളക്കേസില്‍ കുടുക്കിയവരെ സമൂഹം തിരിച്ചറിയേണ്ടതില്ലേ'' എന്നുചോദിക്കുമ്പോഴും നേരിടേണ്ടിവന്ന അപമാനത്തിന്റെയും ദുരിതത്തിന്റെയും ഞെട്ടലില്‍നിന്ന് ഇനിയും സിലീഷ് തോമസ് മുക്തനായിട്ടില്ല.
ചെമ്പനോട വില്ലേജ് ഓഫീസിനുമുന്നിലായി 2017 ജൂണ്‍ 21-ന് കര്‍ഷകനായ ജോയി ആത്മഹത്യചെയ്ത സംഭവത്തില്‍ അന്ന് കൂരാച്ചുണ്ട് വില്ലേജില്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സിലീഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.
നേരത്തേ, ചെമ്പനോട വില്ലേജില്‍ ജോലിചെയ്തിരുന്ന സമയത്ത് റവന്യൂറിക്കവറി കേസുകളിലും ക്വാറിക്കാര്‍ക്കെതിരായ പരാതികളിലും കര്‍ശനമായി നടപടിയെടുത്ത തന്നെ ചിലര്‍ ബോധപൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്ന് സിലീഷ് .
24 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന സിലീഷിന് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച ജാമ്യത്തെത്തുടര്‍ന്നാണ് പുറത്തുവരാന്‍ സാധിച്ചത്. 169 ദിവസത്തെ സസ്‌പെന്‍ഷനു ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചെങ്കിലും അഴിമതിക്കാരന്‍, കൈക്കൂലിക്കാരന്‍ എന്ന ആക്ഷേപത്തില്‍നിന്ന് മുക്തനാവാന്‍ സിലീഷിന് പിന്നെയും ഏറെനാള്‍ കാത്തിരിക്കേണ്ടിവന്നു.
ഒടുവില്‍, 2021 മാര്‍ച്ച് 30-ന് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിയില്‍, സിലീഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും കൃത്യമായി ജോലിചെയ്ത സര്‍ക്കാരുദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
'സത്യസന്ധമായി ജോലിചെയ്തതിന് ഉദ്യോഗസ്ഥനെ ജയിലിലടയ്ക്കുന്നതും നിരപരാധിയെ കള്ളക്കേസില്‍ കുടുക്കുന്നതും നീതിന്യായവ്യവസ്ഥയ്ക്ക് നിരക്കാത്തതാണ്. പ്രോസിക്യൂഷന്റെ വാദവും അന്വേഷണറിപ്പോര്‍ട്ടും അടിസ്ഥാനപരമായി കള്ളമാണെന്നും ബോധ്യപ്പെട്ടു'' -കോടതി വിധിയില്‍ പറഞ്ഞു.
പേരാമ്പ്ര മുന്‍സിഫ് കോടതിയിലാണ് സിലീഷ് ഹര്‍ജി നല്‍കിയത്. മരിച്ച കര്‍ഷകന്റെ വായ്പ എഴുതിത്തള്ളാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച 18 ലക്ഷം തിരിച്ചുപിടിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്തുവരികയാണ് സിലീഷ്.
അതേസമയം കോടതി വിധി വന്നിട്ടും ജോലിസ്ഥലത്തും പുറത്തും തന്നെ അഴിമതിക്കാരനായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കള്ളക്കേസില്‍ കുടുക്കിയ പോലീസുദ്യോഗസ്ഥനും മരിച്ച കര്‍ഷകന്റെ കുടുംബത്തിനുമെതിരേ നിയമനടപടിക്ക് ഇറങ്ങിത്തിരിച്ചതെന്ന് സിലീഷ് .
"
https://www.facebook.com/Malayalivartha